സീറ്റിനായി കടിപിടി മുറുകി, മറുകണ്ടം ചാടാനൊരുങ്ങി
അഞ്ചുവർഷത്തിലൊരിക്കൽ വരുന്ന മാമാങ്കമായ തദ്ദേശ തിരഞ്ഞെടുപ്പിൽ അധികാരമെന്ന ശർക്കരകുടത്തിൽ കൈയ്യിട്ടുവാരാനെന്നോണം ഒരു സീറ്റിനായി കടിപിടി കൂട്ടുന്നവരെ കണ്ട് മൂക്കത്തു വിരൽവയ്ക്കുകയാണ് ചുറ്റുവട്ടത്തുള്ളവർ.
സീറ്റിനായി വീടുകയറി ഇറങ്ങുന്നവരെ ഭയന്ന് ഉറക്കം നഷ്ടപ്പെട്ടവരായി പല നേതാക്കളും മാറി. ജാതിയും മതവും സാമ്പത്തിക സ്ഥിതിയും 'മറ്റു പല സാഹചര്യങ്ങളും' കണക്കിലെടുത്ത് ഒരാൾക്കു സീറ്റ് നൽകുമ്പോൾ സീറ്റ് കിട്ടാത്തവർ നേതാക്കളുടെ പല തലമുറയിൽപ്പെട്ട ആളുകളെ വരെ ചീത്ത വിളിക്കും. ജാതിയും പണവും നോക്കിയാണ് സീറ്റ് കൊടുത്തതെന്നും ആരോപിച്ച് നേതാവിനെതിരെ തിരിയും. ചിലർ വിമതരായി മത്സരിക്കും. ചിലർ സീറ്റുറപ്പാക്കി യാതൊരു ഉളുപ്പുമില്ലാതെ എതിർപാർട്ടിയിലേക്ക് ചാടി അവരുടെ ചിഹത്തിൽ മത്സരിക്കും. ഇതിനകം സീറ്റുകിട്ടാതെ മറുകണ്ടം ചാടിയവർക്ക് കണക്കില്ല.
തിരുവനന്തപുരത്ത് സീറ്റ് ലഭിക്കാതെ വന്ന ഒരു ബി.ജെ.പി പ്രവർത്തകൻ തനിക്ക് പകരം ഭൂമാഫിയക്കാരന് സീറ്റ് നൽകിയെന്നാരോപിച്ച് നേതാക്കൾക്കെതിരെ കത്തെഴുതി വച്ച് ആത്മഹത്യ ചെയ്തതാണ് അവസാന സംഭവം.
എം.പിയുടെയോ, എം.എൽ.എയുടെയോ ഗ്ലാമറില്ലെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് കിട്ടാത്തതിന് എന്തിന് ആത്മഹത്യ ചെയ്യണമെന്ന സംശയം സാധാരണക്കാർക്ക് തോന്നാം. സംവരണങ്ങൾ കഴിഞ്ഞ് 40 ശതമാനം സീറ്റേ പുരുഷന്മാർക്കുള്ളൂ. ഭാര്യയും ഭർത്താവും സിറ്റിംഗ് അംഗങ്ങളാണെങ്കിൽ ഏതു സംവരണം വന്നാലും സീറ്റ് മാറിമാറി മത്സരിക്കാം. പുരുഷ സിറ്റിംഗ് അംഗങ്ങൾക്ക് സീറ്റില്ലാതെ വരുമ്പോൾ പിൻസീറ്റ് ഡ്രൈവിംഗിന് ഭാര്യയ്ക്ക് എങ്ങനെയും സീറ്റ് ഒപ്പിച്ചെടുക്കും. അതും കിട്ടാതെ വരുമ്പോൾ റിബൽ ഭീഷണിയുമായി സീറ്റ് ഉറപ്പിക്കാൻ നോക്കും. ചുരുക്കത്തിൽ പല സീറ്റുകളിലും കുടുംബാധിപത്യമാണ് നടക്കുന്നത്. നേതാക്കൾ കാഴ്ചക്കാരുടെ റോളിലും.
പണ്ട് യു.ഡി.എഫിൽ സീറ്റുതർക്കം ഉണ്ടാകുമ്പോൾ ഉമ്മൻചാണ്ടിയും , കെ.എം മാണിയും ഇടപെടും. ഇവർ പറഞ്ഞാൽ പിന്മാറുന്നവരായിരുന്നു പ്രവർത്തകർ. ഇരുവരും മരിച്ചതോടെ ആജ്ഞാശക്തിയുള്ള നേതാവ് ഇല്ലാതായി. ഒരു നേതാവ് പറഞ്ഞാലും ഒരു പ്രവർത്തകനും കേൾക്കില്ല. എല്ലാവരും നേതാക്കൻമാരായ അവസ്ഥയിൽ സ്ഥാനാർത്ഥി നിർണയത്തിന് ശേഷം റിബൽപ്പട ഉണ്ടാകാമെന്നാണ് ഒരുന്നത കോൺഗ്രസ് നേതാവ് പ്രതികരിച്ചത്. ഒരു തവണ തദ്ദേശ സ്ഥാപന മെമ്പറായാൽ ഭരണത്തിന്റെ സുഖം പിടിച്ച് ഭരിച്ചു മതിയാകാതെ പിന്നെയും മെമ്പറാകാൻ നോക്കും. സത്യസന്ധരായ ഏതാനും പേർ ഒഴിച്ച് ബാക്കി പലരും വാർഡ് വർക്കിന്റെ പേരിൽ പോരും കരാറുകാരുമായി കമ്മീഷൻ പറ്റുന്നവരാണെന്ന ആരോപണം നാട്ടുകാർക്കുണ്ട്. വലിയ ശമ്പളമോ അലവൻസോ ഇല്ലെങ്കിലും എന്താണിങ്ങനെ ഒരു സീറ്റിനായി കടിപിടി കൂടുന്നതെന്നു ചോദിച്ചാൽ അതിന്റെ സ്വാദൊന്ന് വേറെതന്നെ. ഉദരനിമിത്തം ബഹുകൃത വേഷമെന്നാണ് ഈ കൂട്ടു കച്ചവടം കണ്ടുമടുത്ത നാട്ടുകാർക്ക് പറയാനുള്ളത്.