ഒരുവശത്ത് പ്രചാരണം, മറുവശത്ത് പൊട്ടിത്തെറി
കോട്ടയം : സ്ഥാനാർത്ഥികൾ പ്രചാരണത്തിരക്കിലേക്ക് കടന്നപ്പോൾ മുന്നണികളിലെ പൊട്ടിത്തെറിക്കും, വിമത നീക്കത്തിനും കുറവില്ല. ചാണ്ടി ഉമ്മനെതിരെ പരസ്യമായി ഫേസ് ബുക്ക് പോസ്റ്റിട്ട് മുൻ ജില്ലാ പഞ്ചായത്തംഗം റെജി എം ഫിലിപ്പോസ് രംഗത്തെത്തിയപ്പോൾ പഞ്ചായത്തുകളിലും കലഹത്തിന് കുറവില്ല. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റാകാൻ ആഗ്രഹിച്ചിരുന്ന തന്നെ ചാണ്ടി ഉമ്മൻ വെട്ടിയെന്നാണ് റെജിയുടെ പരാതി. കോട്ടയം നഗരസഭയിൽ യൂത്ത് കോൺഗ്രസിനെ തഴഞ്ഞതിലാണ് പ്രതിഷേധം. അതിരമ്പുഴ പഞ്ചായത്തിലും തർക്കത്തിന് കുറവില്ല. മുന്നണി ഭേദമെന്യേ ഇന്നും നാളെയുമായി പലരും പരസ്യപ്രതികരണവുമായി രംഗത്തുവരുമെന്നാണ് സൂചന. യു.ഡി.എഫിൽ കോൺഗ്രസിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ പലയിടങ്ങളിലും രൂക്ഷമായ തർക്കങ്ങളുണ്ട്. കുറിച്ചി, കുമരകം, എരുമേലി, പൊൻകുന്നം എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുകയാണ്. പുതുപ്പള്ളി ഡിവിഷൻ പ്രതീക്ഷിച്ചിരുന്ന സുധാ കുര്യനും സീറ്റില്ല. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാർത്ഥി നിർണയത്തിന്റെ പേരിലും പോര് കടുത്തു. നിലവിലെ ജനപ്രതിനിധികൾ വരെ വാട്സ് ആപ്പിലൂടെ പ്രതിഷേധം കടുപ്പിക്കുകയാണ്. അതിരമ്പുഴ പഞ്ചായത്തിൽ ഒരേ വാർഡിലേക്ക് ഒന്നലേറെ യു.ഡി.എഫ് സ്ഥാനാർത്ഥികൾ എന്ന രീതിയിലാണ് നവമാദ്ധ്യമങ്ങളിൽ പോസ്റ്റർ യുദ്ധം കൊഴുക്കുന്നത്. കോട്ടയം നഗരസഭയിൽ വർഷങ്ങൾക്ക് ശേഷം ചെയർമാൻ സ്ഥാനം ജനറലായതോടെ മുതിർന്ന നേതാക്കൾ സീറ്റുറപ്പിക്കാനുള്ള തത്രപ്പാടിലാണ്. എന്നാൽ വിമത ഭീഷണി ഭയന്ന് പ്രചാരണം ആരംഭിച്ചിട്ടുമില്ല.
എൽ.ഡി.എഫിലും വൈകുന്നു
പരസ്യ പ്രതിഷേധങ്ങളില്ലെങ്കിലും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കാൻ എൽ.ഡി.എഫും ബുദ്ധിമുട്ടി. യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പട്ടിക നോക്കി സ്ഥാനാർത്ഥി നിർണയം നടത്താനായിരുന്നു പദ്ധതിയെങ്കിലും പടിഞ്ഞാറൻ മേഖലയിലടക്കം തർക്കം ഉടലെടുത്തു. പല പഞ്ചായത്തുകളിലും രൂക്ഷമായ തർക്കങ്ങൾക്കൊടുവിലാണ് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാനായത്.
തർക്കം മാറാതെ എൻ.ഡി.എ
പള്ളിക്കത്തോട് പഞ്ചായത്തിലും, ചങ്ങനാശേരി നഗരഭയിലും ബി.ഡി.ജെ.എസുമായുള്ള തർക്കം പരിഹരിക്കാൻ എൻ.ഡി.എയ്‌ക്ക് കഴിഞ്ഞിട്ടില്ല. പഞ്ചായത്തിൽ ബി.ഡി.ജെ.എസിന് നാല് സീറ്റ് നൽകാനാണ് തീരുമാനം.