ഘട്ടക്കിനും, ഗുരുദത്തിനും അഞ്ജലി, രജനീകാന്തിന് ആദരവ്
ഗോവയിൽ ഈ മാസം 20 ന് ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ (ഇഫി ) ഇന്ത്യൻ സിനിമയിലെ മാസ്റ്ററോസിന്റെ ജന്മശതാബ്ദി ആഘോഷിക്കും. ഋത്വിക് ഘട്ടക്, ഗുരു ദത്ത്, ഭാനുമതി, രാജ് ഖോസ്ല, സലിൽ ചൗധരി, ഭൂപെൻ ഹസാരിക എന്നിവരുടെ ജന്മശതാബ്ദി വർഷം എന്ന നിലയിലാണ് ഘട്ടക്കിന്റെ സുവർണരേഖ അടക്കം പ്രദർശിപ്പിച്ചുകൊണ്ട് അഞ്ജലിയർപ്പിക്കുന്നത്. സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ ഇന്ത്യൻ സൂപ്പർ സ്റ്റാർ രജനികാന്തിനെ ഇഫി ആദരിക്കും. 28ന് നടക്കുന്ന സമാപന ചടങ്ങിൽ രജനിക്ക് വൻ സ്വീകരണം ഒരുക്കിയിട്ടുണ്ട്. 81 രാജ്യങ്ങളിൽ നിന്നുള്ള 240 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ജപ്പാൻ ആണ് കൺട്രി ഫോക്കസ്. 6 സമകാലിക ജപ്പാൻ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. ഫിലിം മാർക്കറ്റ് വേവ്സ് ഫിലിം ബസാർ എന്ന് നാമകരണം ചെയ്തിട്ടുണ്ട്. ചലച്ചിത്രോത്സവം റിപ്പോർട്ട് ചെയ്യാൻ എത്തുന്ന മാദ്ധ്യമ പ്രവർത്തകർക്കായ് വിപുലമായ സൗകര്യങ്ങൾ പി.ഐ.ബി ഒരുക്കിയിട്ടുണ്ടെന്നു പി.ഐ.ബി ചീഫ് ധീരേന്ദ്ര ഓജ അറിയിച്ചു.