ഒന്നരമാസത്തിനിടെ 3 മരണം, ആശങ്ക ഉയർത്തി എലിപ്പനി വ്യാപനം
കോട്ടയം : പകൽ ചൂട്, വൈകിട്ട് തണുപ്പ്, ഇടവിട്ടുള്ള മഴ ... ജില്ലയിൽ പനിയടക്കമുള്ള പകർച്ചവ്യാധികൾ പെരുകുകയാണ്.
സർക്കാർ - സ്വകാര്യ ആശുപത്രികളിൽ ദിനംപ്രതി ചികിത്സതേടിയെത്തുന്നത് നൂറുകണക്കിന് പേരാണ്. കൂടുതലും വൈറൽപ്പനി ബാധിതർ. പനി മാറിയാലും ആഴ്ചകളോളം വിട്ടുമാറാത്ത ചുമ പലരെയും അലട്ടുകയാണ്. അടുത്തിടെ വിദ്യാർത്ഥിയടക്കം മൂന്നുപേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. മഴയെ തുടർന്നുണ്ടാകുന്ന വെള്ളക്കെട്ടും മലിനജലവുമാണ് പകർച്ചവ്യാധികൾ പടരാൻ കാരണം. പലയിടങ്ങളിലും മാലിന്യം കുന്നുകൂടികിടക്കുകയാണ്. എലി മൂത്രത്തിൽ നിന്ന് മാത്രമല്ല, എലിപ്പനി പകരുന്നത്. നായ, പൂച്ച, കന്നുകാലികൾ എന്നിവയുടെ മൂത്രത്തിലൂടെയും എലിപ്പനിയുടെ രോഗാണുക്കൾ മണ്ണിലും വെള്ളത്തിലും കലരുന്നു. പനി, തലവേദന, ക്ഷീണം, പേശി വേദന, കടുത്ത ക്ഷീണം, നടുവേദന, വയറിളക്കം തുടങ്ങിയവയാണ് ലക്ഷണം. കരളിനെ ബാധിക്കുന്നതോടെ സ്ഥിതി ഗുരുതരമാകും.
എലിപ്പനി രോഗസാദ്ധ്യത ഇവർക്ക് തൊഴിലുറപ്പ് തൊഴിലാളികൾ, കൃഷിക്കാർ, നിർമാണ പെയിന്റിംഗ് തൊഴിലാളികൾ, മലിനജലവുമായി സമ്പർക്കമുള്ളവർ, അടുക്കളത്തോട്ടം, പൂന്തോട്ടം മേഖലയിലുള്ളവർ.
മലിനജലവുമായി സമ്പർക്കം വേണ്ട
മലിനജലം, കെട്ടിക്കിടക്കുന്ന ജലം എന്നിവയുമായി സമ്പർക്കം ഒഴിവാക്കുക. കുട്ടികളെ മലിനജലത്തിൽ കളിക്കാൻ അനുവദിക്കരുത്. ശരീരത്തിൽ മുറിവുള്ളവർ ശുചീകരണ പ്രവർത്തനത്തിൽ ഇറങ്ങാതിരിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. എലികളെ നിയന്ത്രിക്കാൻ ഭക്ഷണാവശിഷ്ടങ്ങൾ ചുറ്റുപാടും വലിച്ചെറിയാതിരിക്കുക. മൃഗങ്ങളുമായി ഇടപഴകുന്നവർ പ്രത്യേകം മുൻകരുതൽ സ്വീകരിക്കണം. മലിനജലത്തിൽ ചവിട്ടേണ്ടി വന്നാൽ കാലുകൾ ശുദ്ധജലവും സോപ്പും ഉപയോഗിച്ച് കഴുകണം. കുടിവെള്ളം തിളപ്പിച്ച് ഉപയോഗിക്കണം.
പ്രതിരോധം പ്രധാനം
ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം ഡോക്‌സി സൈക്ലിൻ ഗുളിക കഴിക്കണം
കട്ടി കൂടിയ റബ്ബർ കാലുറകളും കൈയുറകളും ധരിച്ച് മാത്രം ശുചീകരണം നടത്തുക
മുറിവുകൾ മണ്ണും വെള്ളവും കടക്കാത്തവിധം സുരക്ഷിതമായി ബാൻഡേജ് ഉപയോഗിക്കുക
''എലിപ്പനി, ഡെങ്കിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പുലർത്തണം. സ്വയം ചികിത്സയ്ക്ക് മുതിരാതെ അടിയന്തര വൈദ്യസഹായം തേടണം. അല്ലെങ്കിൽ രോഗം ഗുരുതരമാകാൻ ഇടയാക്കും.
-(ആരോഗ്യവകുപ്പ് അധികൃതർ)