സംവിധാനം പ്രേം രക്ഷിത് , നായകൻ പ്രഭാസ്
ഓസ്കാർ പുരസ്‍കാരം നേടിയ 'നാട്ടു നാട്ടു" ഗാനത്തിന്റെ നൃത്തസംവിധായകൻ പ്രേം രക്ഷിത് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ പ്രഭാസ് നായകൻ. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന പ്രോജക്ടിലൂടെ ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത കഥ ആയിരിക്കും അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത 'ആർ.ആർ.ആർ" സിനിമയിൽ രാം ചരണും ജൂനിയർ എൻ.ടി.ആറും തകർത്താടിയ 'നാട്ടു നാട്ടു" എന്ന ഗാനത്തിന് നൃത്ത സംവിധാനം ചെയ്തതിനാണ് പ്രേം രക്ഷിതിന് ദേശീയ പുരസ്‍കാരം ലഭിച്ചത്. ഈ ഗാനത്തിന് മികച്ച ഒറിജിനൽ സോംഗിനുള്ള ഓസ്കാർ പുരസ്‍കാരവും ലഭിച്ചു. ഓസ്കാർ അവാർഡ് ഈ ഗാനത്തിന് സമ്മാനിച്ച വേദിയിൽ നൃത്തസംവിധായകനായി പ്രേം രക്ഷിത്തിന്റെ പേരും പരാമർശിക്കപ്പെട്ടു എന്ന് മാത്രമല്ല, കഴിഞ്ഞ വർഷം അക്കാഡമി ഒഫ് മോഷൻ പിക്ചേഴ്സ് ആൻഡ് ആർട്സിൽ ജോയിൻ ചെയ്യാൻ ഔദ്യോഗിക ക്ഷണവും ലഭിച്ചു.തമിഴ്, തെലുങ്ക് ഭാഷകളിലായി 76 ചിത്രങ്ങൾക്ക് നൃത്തമൊരുക്കിയിട്ടുണ്ട്. കുരുവി, റെഡി, ബില്ല, മഗധീര, ആര്യ 2, സിംഹ, ബദരീനാഥ്, വേലായുധം, വീരം, ബാഹുബലി, ബാഹുബലി 2, മെർസൽ, രംഗസ്ഥലം, വീരസിംഹ റെഡ്‌ഡി, ദസറ, പുഷ്പ 2, കങ്കുവ എന്നിവയാണ് നൃത്തമൊരുക്കിയ വമ്പൻ ചിത്രങ്ങളിൽ ചിലത്.