തോൽവിക്ക് പിന്നാലെ കുടുംബത്തിലും കലഹം രൂക്ഷം, ലാലു പ്രസാദ് യാദവിന്റെ മുന്നു പെൺമക്കൾ കൂടി വീടുവിട്ടു

Sunday 16 November 2025 7:08 PM IST
LALU PRASAD YADAV

പാട്ന: ബീഹാർ തിരഞ്ഞെടുപ്പിൽ വൻതോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ കുടുംബത്തിൽ ആഭ്യന്തര പ്രശ്നം രൂക്ഷമായി. കഴിഞ്ഞ ദിവസം കുടുംബവും രാഷ്ട്രീയവും ഉപേക്ഷിക്കുന്നുവെന്ന് മകൾ രോഹിണി ആചാര്യ വ്യക്തമാക്കിയതിന് പിന്നാലെ മറ്റ് മൂന്നു പെൺമക്കൾ കൂടി ഇന്ന് വീടു വിട്ടു. രാജലക്ഷ്മി,​ രാഗിണി,​ ചന്ദ എന്നിവരാണ് കുട്ടികളോടൊപ്പം പാട്‌നയിലെ വസതി വിട്ട് ഡൽഹിയിലേക്ക് പോയത്.

ലാലുവിന്റെ സിഗംപ്പൂരിൽ താമസിക്കുന്ന മകളും ഡോക്ടറുമായ രോഹിണി ആചാര്യയാണ് രാഷ്ട്രീയവും കുടുംബവും ഉപേക്ഷിക്കുന്നതായി ആദ്യം പ്രഖ്യാപിച്ചത്. ആർ.ജെ.ഡിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയായിരുന്നു ഇത്. താൻ വൃക്ക നൽകി പണവും സീറ്റും വാങ്ങി എന്ന് കുടുംബാംഗങ്ങൾ പറഞ്ഞതായി രോഹിണി ആരോപിച്ചിരുന്നു. തന്നെപ്പോലെ ഒരു മകളോ സഹോദരിയോ ഒരു വീട്ടിലും ജനിക്കാതിരിക്കട്ടെ എന്നാണ് ഇവർ പറയുന്നതെന്നും തന്റെ ആത്മാഭിമാനത്തിൽ വിട്ടുവീഴ്ച ചെയ്യാത്തതു കൊണ്ടാണ് അപമാനം നേരിട്ടത് എന്നും രോഹിണി വിമർശിച്ചിരുന്നു. തേജസ്വി യാദവിന്റെ ഏറ്റവും അടുത്ത സഹായികളായ സഞ്ജയ് യാദവ് എം.പിയും റമീസുമാണ് കുടുംബ കലഹങ്ങൾക്ക് പിന്നിലെന്നാണ് രോഹിണിയുടെ ആരോപണം.

അതേസമയം നേരത്തെ തന്നെ ആർ.ജെ.ഡി വിട്ട് പുതിയ പാർട്ടി രൂപീകരിച്ച മൂത്ത സഹോദരൻ തേജ് പ്രതാപ് യാദവ് രോഹിണിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. തനിക്കെതിരായ പല ആക്രമണങ്ങളും താൻ സഹിച്ചിട്ടുണ്ടെന്നും എന്നാൽ സഹോദരി നേരിട്ട അപമാനം അസഹനീയമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.