കട്ടേരി ശങ്കരൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു
പെരളശ്ശേരി: പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന കട്ടേരി ശങ്കരന്റെ നാമധേയത്തിൽ പെരളശ്ശേരിയിൽ സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീസ് കേന്ദ്ര സെക്രട്ടേറിയറ്റ് മെമ്പർ അഡ്വ. പി. സന്തോഷ്‌കുമാർ എം.പി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസനകാര്യത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചത് ഇടതുപക്ഷ സർക്കാരിന്റെ കാലത്താണെന്ന് അദ്ദേഹം പറഞ്ഞു. കുബുദ്ധികൾ ഈ വസ്തുതകളെ മറച്ചുപിടിക്കാൻ ചില കോണുകളിൽ നിരന്തരമായ ശ്രമം നടത്തുന്നുണ്ട്. അത് കേരളത്തിൽ വിലപ്പോവില്ലെന്ന് സന്തോഷ് പറഞ്ഞു. ബീഹാറിൽ നടന്നത് യഥാർത്ഥ തിരഞ്ഞെടുപ്പായിരുന്നില്ല. ക്രിമിനലിസത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും കൂത്തരങ്ങാണ് അവിടെ നടന്നതെന്നും സന്തോഷ്‌കുമാർ കൂട്ടിച്ചേർത്തു. അഞ്ചരക്കണ്ടി മണ്ഡലം സെക്രട്ടറി ടി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ സി.എൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറി സി.പി സന്തോഷ്‌കുമാർ, എ. മഹീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.