അനീഷിന്റെ മരണത്തിൽ വിങ്ങിപ്പൊട്ടി നാട്
പയ്യന്നൂർ (കണ്ണൂർ): ബി.എൽ.ഒ ആയ അനീഷ് ജോർജിന്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി നാട്. എസ്.ഐ.ആറിന്റെ അമിത ജോലി സമ്മർദ്ദം കൊണ്ടാണ് ഏറ്റുകുടുക്കയിലെ അനീഷ് ജോർജ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബവും നാട്ടുകാരും ആരോപിക്കുന്നത്. ഇന്നലെ രാവിലെ പതിനൊന്നിന് കുടുംബാംഗങ്ങൾ പള്ളിയിൽ നിന്ന് മടങ്ങിയെത്തിയപ്പോഴായിരുന്നു മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ അനീഷ് ജോർജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ആദ്യമായാണ് അനീഷ് ബി.എൽ.ഒ ആകുന്നത്. സ്വന്തം നാടാണെങ്കിലും അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു അനീഷെന്ന് പിതാവ് ജോർജും ബന്ധുക്കളും പറഞ്ഞു. അതുകൊണ്ട് വിസ്തൃതമായ ബൂത്തിലെ മിക്ക വീടുകളും അനീഷിന് അറിയുമായിരുന്നില്ല. ഇതിന്റെ കാരണത്താൽ ജോലി സമയബന്ധിതമായി ചെയ്തു തീർക്കുന്നതിൽ അനീഷിന് പ്രയാസമുണ്ടായിരുന്നു. എന്നാലും നാട്ടുകാരുടെ സഹകരണത്തോടെ ജോലി പൂർത്തിയാക്കാൻ ശ്രമിക്കുന്നതിനിടെയുള്ള മരണത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും. സമീപ പ്രദേശങ്ങളിൽ നിന്നും നിരവധിയാളുകൾ അനുശോചനമറിയിക്കാൻ അനീഷിന്റെ വീട്ടിലെത്തി. വൈകുന്നേരത്തോടെ മൃതദേഹം വീട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് നടക്കും.
ഒരാഴ്ചയായി മാനസിക ബുദ്ധിമുട്ടിലായിരുന്നു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനീഷ് മാനസികമായി വലിയ ബുദ്ധിമുട്ടിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. നിരന്തരം എന്നെക്കൊണ്ട് ചെയ്യാൻ പറ്രാത്ത ജോലിയാണിതെന്ന് പറയുമായിരുന്നു. മേലുദ്യോഗസ്ഥരിൽ നിന്നും വലിയ സമ്മർദ്ദം ഉണ്ടായിരുന്നു. എന്നാൽ നാട്ടുകാരും സുഹൃത്തുക്കളും രാഷ്ട്രീയ പാർട്ടികളും ചേർന്ന് സഹകരണത്തോടെ പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകാം എന്ന് പറഞ്ഞ് സമാധാനിപ്പിക്കുമായിരുന്നു.
'ആ മകനെ ഇനി ആർക്ക് തിരിച്ച് നൽകാനാകും'
ആ മകനെ ഇനി ആർക്ക് തിരിച്ച് നൽകാനാകുമെന്ന് രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാർ ചോദിച്ചു. നിരവധി തവണ ഇതുതാങ്ങാൻ പറ്റില്ലെന്ന് മേലുദ്യോഗസ്ഥരോട് അനീഷ് പറഞ്ഞിട്ടുണ്ട്. അവരത് ഗൗനിച്ചില്ല. ഒരു കുടുംബത്തെയാണ് എസ്.ഐ.ആർ നടപടികൾ അനാഥമാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ കൂടെ വന്നിട്ടുള്ള ഈ നടപടികൾ ജനങ്ങളെയാകെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് ഇരട്ടി ജോലി ഭാരമാണിത്. അൽപം സമയം അനുവദിക്കണം. സമാന ബുദ്ധിമുട്ടുകൾ നിരവധി ബി.എൽ.ഒമാർ പറഞ്ഞിട്ടുണ്ട്.
കുറച്ച് ദിവസമായി രാത്രി ഏറെ വൈകിയാണ് അനീഷ് ഉറങ്ങാറുള്ളതെന്ന് ഭാര്യ പറഞ്ഞതായും പ്രസിഡന്റ് പറഞ്ഞു. കുടുംബാംഗങ്ങളുമായി ചെലവഴിക്കുന്ന സമയം കുറഞ്ഞിരുന്നു. മുഴുവൻ സമയവും എസ്.ഐ.ആറിന്റെ പ്രവർത്തനങ്ങളിൽ ആവലാതിയിലായിരുന്ന അനീഷിനോട് ജോലി പോകുന്നെങ്കിൽ പോകട്ടെയെന്നും ആവലാതി വേണ്ടെന്നും ഭാര്യ ഫാമില പറഞ്ഞിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാർ പറഞ്ഞു.
ഞെട്ടലോടെ വായനശാലക്കാർ
വീടിന് തൊട്ടടുത്തുള്ള വള്ളത്തോൾ സ്മാരക വായനശാലയിൽ ഇന്നലെ എന്യുമറേഷൻ ഫോമുകൾ പൂരിപ്പിക്കുന്നതിനായി ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. നാട്ടിലെ സംഘടനകളുടെ നേതൃത്വത്തിൽ നടക്കാനിരുന്ന ക്യാമ്പിലേക്ക് രാവിലെ അനീഷ് എത്തുമെന്നും അവിടുന്ന് കാര്യങ്ങൾ പൂർത്തിയാക്കാമെന്നും പറയുകയും ചെയ്തു. ക്യാമ്പിനായുള്ള സജ്ജീകരണങ്ങൾ നടക്കുന്നതിനിടയിലാണ് അനീഷിന്റെ മരണവാർത്ത ഞെട്ടലോടെ അറിയുന്നതെന്ന് വായനശാല ഭാരവാഹികൾ പറഞ്ഞു.