ഏഴു വയസുകാരനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി, കേസെടുത്ത് പൊലീസ്

Sunday 16 November 2025 9:50 PM IST

പട്ന: ബീഹാറിലെ വൈശാലി ജില്ലയിൽ ഏഴു വയസുകാരനായ വിദ്യാർത്ഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സ്വകാര്യ ഹോസ്റ്റലിലെ മുറിയിലാണ് കുട്ടിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകളും കണ്ടെത്തി. അഞ്ച് മാസമായി ഹോസ്റ്റലിൽ നിന്ന് പഠിക്കുകയായിരുന്നു വിദ്യാർത്ഥി. ഹോസ്റ്റലിൽ കയറിയപ്പോൾ കുട്ടി കട്ടിലിൽ മരിച്ചു കിടക്കുകയായിരുന്നു. കാലിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. ഹോസ്റ്റൽ അധികൃതർ കുട്ടിയെ മുമ്പും തല്ലിയിരുന്നു. ഹോസ്റ്റൽ മാനേജ്മെന്റിന്റെ അനാസ്ഥ മൂലമാണ് ഈ കൊലപാതകം നടന്നതെന്നാണ് കുട്ടിയുടെ അമ്മാവൻ പറയുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച നാട്ടുകാർ ഹോസ്റ്റലിന്റെ ഭാഗങ്ങൾ അടിച്ചു തർത്തു.

ഫോറൻസിക് സംഘം സ്ഥലത്തെത്തി, ഹോസ്റ്റലിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും എസ്ഡിപിഒ (സദർ) ഗോപാൽ മണ്ഡൽ പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ ഹോസ്റ്റൽ വാർഡനെയും മറ്റ് നാലുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും അദ്ദേഹം പറ‌ഞ്ഞു. കഴി‌ഞ്ഞദിവസം സ്കൂൾ ക്യാമ്പസിനുള്ളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് സമാനമായ ഈ കേസ്.