കോർപ്പറേഷനിൽ സീറ്റ് ധാരണയായി യു.ഡി.എഫിൽ ആശ്വാസം
വാരം സീറ്റ് ലീഗിന് തന്നെ
കണ്ണൂർ: നീണ്ട തർക്കങ്ങൾക്കൊടുവിൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മത്സരിക്കുന്ന സീറ്റുകളിൽ ധാരണയായി. ആകെയുള്ള 56 ഡിവിഷനുകളിൽ 37 സീറ്റിൽ കോൺഗ്രസ്സും 18 സീറ്റിൽ മുസ്ലിംലീഗും മത്സരിക്കും. വാരം സീറ്റിൽ ലീഗ് മത്സരിക്കും. പകരം ലീഗ് നേരത്തെ മത്സരിച്ചുകൊണ്ടിരുന്ന വലിന്നൂർ ഡിവിഷനിൽ കോൺഗ്രസ് മത്സരിക്കും. കോൺഗ്രസ്സിന് ലഭിച്ച ഒരു സീറ്റ് സി.എം.പിക്ക് നൽകും.
പള്ളിയാംമൂല, കുന്നാവ്, കൊക്കേൻപാറ, പള്ളിക്കുന്ന്, ഉദയംകുന്ന്, പൊടിക്കുണ്ട്, കൊറ്റാളി, അത്താഴക്കുന്ന്, തുളിച്ചേരി, വലിയന്നൂർ, ചേലോറ, മാച്ചേരി, പള്ളിപ്പൊയിൽ, കാപ്പാട്, എളയാവൂർ സൗത്ത്, മുണ്ടയാട്, എടച്ചൊവ്വ, കാപ്പിച്ചേരി, മേലെചൊവ്വ, കീഴുത്തള്ളി, ആറ്റടപ്പ, ചാല, എടക്കാട്, ആലിൻകീഴ്, കീഴുന്ന, തോട്ടട, ആദികടലായി, കാഞ്ഞിര, കുറുവ, വെറ്റിലപ്പള്ളി, ചൊവ്വ, സൗത്ത്ബസാർ, ടെമ്പിൾ, തായത്തെരു, കാനത്തൂർ, പയ്യാമ്പലം, താളിക്കാവ്, പഞ്ഞിക്കയിൽ എന്നീ ഡിവിഷനുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. തളാപ്പ്, കക്കാട്, കക്കാട് നോർത്ത്, ശാദുലിപ്പപള്ളി, പള്ളിപ്രം, വാരം, എളയാവൂർ നോർത്ത്, അതിരകം, താഴെചൊവ്വ, തിലാന്നൂർ, ഏഴര, പടന്ന, നീർച്ചാൽ, അറക്കൽ, താണ, കസാനക്കോട്ട, ആയിക്കര, ചാലാട് എന്നീ ഡിവിഷനുകളിലാണ് മുസ്ലിംലീഗ് മത്സരിക്കുന്നത്.
ഒരു തരത്തിലുള്ള അസ്വാരസ്യങ്ങളും യു.ഡി.എഫിൽ ഇല്ലെന്നും ആരും ചർച്ചയിൽ നിന്നും ഇറങ്ങിപോയിട്ടില്ലെന്നും ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. ലീഗ് മാത്രമല്ല, എല്ലാ ഘടകകക്ഷികളും കൂടുതൽ സീറ്റ് ചോദിച്ചിട്ടുണ്ട്. കോൺഗ്രസും കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിരുന്നുവെന്നും ജനാധിപത്യ പ്രകിയയിൽ സീറ്റുകൾ വാങ്ങുകയും കൊടുക്കകകയും ചെയ്യുന്നത് സ്വാഭിവകമാണെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
സ്ഥാനാർത്ഥി പ്രഖ്യാപനം നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ
സംസ്ഥാനത്ത് മറ്റിടങ്ങളിലെല്ലാം സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നിട്ടും യു.ഡി.എഫ് ഭരിക്കുന്ന ഏക കോർപ്പറേഷനായ കണ്ണൂരിൽ ലീഗും കോൺഗ്രസും തമ്മിലുള്ള സീറ്റ് വിഭജന തർക്കത്തെ തുടർന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം നീളുകയായിരുന്നു. മുസ്ലിം ലീഗ് അധിക സീറ്റ് ആവശ്യപ്പെട്ടതോടെയാണ് മുന്നണിയിലെ ഉഭയകക്ഷി ചർച്ചകൾ വഴിമുട്ടിയത്. തങ്ങളുടെ ആവശ്യത്തിൽ തീരുമാനമാവാത്തതിൽ പ്രതിഷേധ സൂചകമായി കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചയിൽ നിന്നും ലീഗ് വിട്ടു നിൽക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സമവായ ശ്രമങ്ങൾ നടന്നു. ഒടുവിൽ സംസ്ഥാന നേതൃത്വം ഇടപെടുകയും കെ. സുധാകരൻ എം.പി ഉൾപ്പെടെയുള്ള നേതാക്കളുമായുള്ള ചർച്ചയ്ക്കൊടുവിലുമാണ് വാരം ഡിവിഷൻ വിട്ടുകിട്ടണമെന്ന ലീഗിന്റെ ആവശ്യം കോൺഗ്രസ് അംഗീകരിച്ചത്.