ഒത്തുതീർപ്പിന് നൽകിയ 40 ലക്ഷം തട്ടി: അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ

Monday 17 November 2025 12:01 AM IST

നെടുമങ്ങാട്: വിവാഹമോചനക്കേസിൽ ഒത്തുതീർപ്പിനായി കൈപ്പറ്റിയ 40 ലക്ഷം രൂപ തട്ടിയ കേസിൽ അഭിഭാഷകയും ഇവരെ ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയ സുഹൃത്തിനെയും പൊലീസ് പിടികൂടി. പത്താംകല്ല് വി.ഐ.പി ജംഗ്ഷനിൽ സുലേഖ മൻസിലിൽ അഡ്വ.യു.സുലേഖ (57), കരിപ്പൂര് കാരാന്തല പാറമുകൾ വീട്ടിൽ നിന്ന് പുലിപ്പാറ സിജ ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന വി.അരുൺ ദേവ് (52) എന്നിവരെ നെടുമങ്ങാട് എസ്.എച്ച്.ഒ വി.രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. സുലൈഖയുടെ ഭർത്താവ് ഒളിവിലാണ്. വിവാഹമോചനവുമായി ബന്ധപ്പെട്ട കുടുംബകോടതി മദ്ധ്യസ്ഥ നടപടിക്കിടെ, പരാതിക്കാരനായ നെടുമങ്ങാട് ഐക്കരവിളാകം ബൈത്തുൽ ഹുദാ വീട്ടിൽ എസ്.ഹാഷിം (50) നൽകിയ 40 ലക്ഷം എതിർകക്ഷിക്ക് കൈമാറാതെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്നാണ് കേസ്. 2025 ജൂലായിൽ തുക അഭിഭാഷകയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്കാണ് കൈമാറിയത്. പിന്നീട് 11.20 ലക്ഷം തിരികെ നൽകി. 28.80 ലക്ഷം ഇപ്പോഴും ബാക്കിയുണ്ട്. പ്രൊഫഷണൽ അച്ചടക്കം ലംഘിച്ചതിനെ തുടർന്ന് അഭിഭാഷക നിയമം 1961 പ്രകാരം കേരള ബാർ കൗൺസിലിൽ പരാതി നൽകിയിട്ടുണ്ട്. സമാനമായ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട നിരവധി പരാതികൾ മുമ്പും ഇവർക്കെതിരെ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇപ്പോഴത്തെ കേസിൽ ഹൈക്കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും 10 ദിവസത്തിനുള്ളിൽ തുക തിരികെ നൽകുമെന്ന അഭിഭാഷകയുടെ അഭ്യർത്ഥന പരിഗണിച്ച് അറസ്റ്റ് നടപടി താത്കാലികമായി നിറുത്തിവച്ചിരുന്നു. സമയപരിധി പലതവണ ലംഘിച്ചതോടെ അന്വേഷണം ശക്തിപ്പെടുത്താൻ ഡി.ജി.പിക്ക് ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു.