ചെറുപുഴയിലും ചെറുതാഴത്തും പോരാട്ടം ചെറുതല്ല

Monday 17 November 2025 12:24 AM IST
തിരഞ്ഞെടുപ്പ്

കണ്ണൂർ: പയ്യന്നൂർ ബ്ളോക്കിൽ പെടുന്ന ചെറുപുഴ പഞ്ചായത്തിലും കല്യാശ്ശേരി ബ്ളോക്കിൽ പെടുന്ന ചെറുതാഴത്തും ഇത്തവണ തദ്ദേശതിരഞ്ഞെടുപ്പ് ചെറിയൊരു പോരാട്ടമല്ല. ആദ്യമായി കൈവിട്ട പഞ്ചായത്തിനെ തിരിച്ചുപിടിക്കുകയെന്ന തീവ്രലക്ഷ്യവുമായി ചെറുപുഴയിൽ യു.ഡി.എഫ് ആഞ്ഞുപിടിക്കുമ്പോൾ പ്രതിപക്ഷമില്ലാത്ത പഞ്ചായത്തെന്ന മുൻ ഖ്യാതി തിരിച്ചുപിടിക്കുകയെന്നതാണ് ചെറുതാഴത്ത് എൽ.ഡി.എഫിനുള്ളത്.

ഭരണവിരുദ്ധവികാരം ഉയർത്തിയാണ് ചെറുപുഴയിൽ യു.ഡി.എഫ് പ്രചാരണത്തിനിറങ്ങുന്നത്. രണ്ടായിരത്തിൽ പഞ്ചായത്ത് നിലവിൽ വന്നതു മുതൽ യു.ഡി.എഫിന്റെ ശക്തി കേന്ദ്രമായാണ് നിന്നിരുന്നത്. എന്നാൽ കഴിഞ്ഞതവണ എൽ.ഡി.എഫ് ആദ്യമായി ഭരണം പിടിച്ചു. ആകെയുള്ള 19 വാർഡുകളിൽ 13 സീറ്റുകളുടെ പിന്തുണയോടെയായിരുന്നു ചരിത്രജയം.

തിരുനെറ്റിക്കല്ലുൾപ്പെടെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ ചെറുപുഴയിലുണ്ട്. എന്നാൽ ഇവിടങ്ങളിലേക്കുള്ള റോഡുകളുടെ സ്ഥിതിയും വികസന അഭാവവുമാണ് യു.ഡി.എഫ് ഉന്നയിക്കുന്നത്. എന്നാൽ ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയാണ് എൽ.ഡി.എഫ് വോട്ടുചോദിക്കുന്നത്.

യു.ഡി.എഫിന് വിനയായത് ഗ്രൂപ്പ് പോര്

കുടിയേറ്റ കർഷക മേഖലയായ ചെറുപുഴയിൽ കോൺഗ്രസിനും കേരള കോൺഗ്രസിനുമാണ് സ്വാധീനമുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) മുന്നണി മാറി. സ്വതന്ത്രരായി മത്സരിച്ച് ജയിച്ച മൂന്ന് പേരും എൽ.ഡി.എഫിന് പിന്തുണ നൽകി. ഇതോടെ ഭരണം എൽ.ഡി.എഫിലേക്ക് എത്തി. ഇത്തവണ സ്വതന്ത്രരായി പാട്ടിലാക്കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്. സ്വതന്ത്രർക്ക് ഏറെ സാദ്ധ്യതയുള്ള പഞ്ചായത്താണ് ചെറുപുഴ.

കക്കോണി തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ്

വർഷങ്ങളായി പ്രതിപക്ഷമില്ലാത്ത പഞ്ചായത്തായിരുന്നു ചെറുതാഴം. എന്നാൽ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി യു. രാമചന്ദ്രൻ കക്കോണി വാർഡിൽ നിന്നും ജയിച്ച് ആ ചരിത്രം തിരുത്തി. ഇടതുകോട്ടയായ ചെറുതാഴത്തെ വീണ്ടും കോൺഗ്രസ് മുക്തമാക്കുകയെന്ന ലക്ഷ്യമാണ് എൽ.ഡി.എഫിനുള്ളത്. എന്തു വിലകൊടുത്തും സീറ്റ് തിരിച്ചു പിടിക്കുമെന്നാണ് നേതൃത്വം പറയുന്നത്.