കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ പ്രകാരം കരുതൽ തടങ്കലിലാക്കി
ആലപ്പുഴ: കായംകുളത്ത് കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം കൃഷ്ണപുരം വില്ലേജിൽ ഞക്കനാൽ മുറിയിൽ അനൂപ് ഭവനത്തിൽ ശങ്കർ എന്ന് വിളിക്കുന്ന അനൂപിനെയാണ് (28) അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്. കുറ്റകരമായ നരഹത്യാ ശ്രമം, പിടിച്ചുപറി, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ അനൂപിനെ 2023ലും 2024 ഉം കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്. കൂടാതെ 2021ൽ അനൂപിനെ ആലപ്പുഴ ജില്ലയിൽ നിന്ന് കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നതും അത് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന്
രജിസ്റ്റർ ചെയ്ത കേസിൽ കോടതി ശിക്ഷിച്ചിട്ടുള്ളതാണ്. 2024ൽ കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഓച്ചിറ പ്രീമിയർ ജംഗ്ഷനിൽ വച്ച് കുറക്കാവ് സ്വദേശിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയാണ്. അലപ്പുഴ ജില്ലാ പൊലീസ് മേധാവി എം. പി മോഹനചന്ദ്രന്റെ ശുപാർശ പ്രകാരം ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് അനൂപിനെതിരെ ഒരു വർഷക്കാലത്തേക്ക് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.