മത്സരത്തിൽ മാറ്റുരയ്ക്കാൻ കേരളകൗമുദി ഏജന്റുമാരും

Monday 17 November 2025 1:31 AM IST

ആറ്റിങ്ങൽ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കടയ്ക്കാവൂരിൽ രണ്ട് കേരളകൗമുദി ഏജന്റുമാർ മത്സരിക്കും. 5-ാം വാർഡിൽ ഡി. സന്തോഷും, 6-ാം വാർഡിൽ സജീവുമാണ് മത്സരംഗത്ത്. ശാസ്താംനട വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായാണ് സന്തോഷ് മത്സരിക്കുന്നത്. കെ.എസ്.യു വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് കടന്നുവന്ന ഡി. സന്തോഷ്‌ നിലവിൽ കോൺഗ്രസ്‌ കടക്കാവൂർ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റാണ്. പൊതുപ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ സന്തോഷ്‌ കീഴറ്റിങ്ങൽ റൂറൽ സർവീസ് സഹകരണ സംഘം ഭരണ സമിതി മുൻ അംഗമായിരുന്നു. 17 വർഷമായി കേരള കൗമുദിയുടെ കീഴാറ്റിങ്ങൽ ഏജൻസി നടത്തുന്നു.

തിനവിള വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായാണ് സജീവ് ആദ്യമായി മത്സര രംഗത്ത് കടന്നു വരുന്നത്. സി.പി.എം തിനവിള ബ്രാഞ്ച് സെക്രട്ടറി, കർഷക തൊഴിലാളി മേഖല എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 20 വർഷമായി കേരളകൗമുദിയുടെ സ്റ്റാലിൻ മുക്ക് ഏജന്റാണ്.