മലിനജലത്തിന് പരിഹാരമായില്ല, നിർമ്മാണം തടഞ്ഞ് നാട്ടുകാർ
അമ്പലപ്പുഴ: ഒരു നാടിനെ വെള്ളക്കെട്ടിൽ നിന്ന് സംരക്ഷിക്കുന്ന കാക്കാഴം കാപ്പിത്തോട്ടിലെ നീരൊഴുക്ക് തടഞ്ഞുകൊണ്ട് നടത്തുന്ന ദേശീയ പാത നിർമാണ പ്രവർത്തനങ്ങൾ നാട്ടുകാരും സി.പി.എം പ്രവർത്തകരും ചേർന്ന് തടഞ്ഞു. കാക്കാഴം റെയിൽവേ മേൽപാലത്തിന് സമാന്തരമായി തോടിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ ജോലികളാണ് തടഞ്ഞത്. കാപ്പി തോട്ടിലെ നീരൊഴുക്കിനായി പകരം സംവിധാനം ഏർപ്പെടുത്താതെയാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തോടിന് കുറുകെ മുട്ടിട്ടത്. ഇതുകാരണം തോട്ടിലെ മലിന ജലം ഏറെ താഴ്ന്ന പ്രദേശമായ കമ്പി വളപ്പിലേക്ക് ഒഴുകിയെത്തി വീട്ടുമുറ്റത്ത് വരെ കെട്ടി കിടന്ന് ദുർഗന്ധം രൂക്ഷമായിരുന്നു. ഇതോടെ പല കുടുംബങ്ങൾക്കും പുറത്തിറങ്ങാൻ കഴിയാത്ത ദുരവസ്ഥയിലായിരുന്നു.നാട്ടുകാർ പല തവണ അധികൃതരോട് വിവരം പറഞ്ഞെങ്കിലും വെള്ളം പമ്പ് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തിയില്ല. തുടർന്നാണ് നാട്ടുകാർ സംഘടിച്ചെത്തി മുട്ട് പൊളിച്ചു നീക്കിയത്. സംഭവത്തിൽ എച്ച് .സലാം എം.എൽ.എയും ഇടപെട്ടിരുന്നു.