ജനവിധിക്ക് 22 ഇനി ദിവസം ; തർക്കമൊഴിയാതെ സീറ്റ് ചർച്ച
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിന് കേവലം 22 ദിവസങ്ങൾ മാത്രം ശേഷിക്കേ, പല സീറ്റുകളിലും ഇനിയും ധാരണയിലെത്താത്തത് മുന്നണികൾക്ക് തലവേദനയാകുന്നു.
ഇടതുമുന്നണിയിൽ സി.പി.എം - സി.പി.ഐ തർക്കവും, വലതുമുന്നണിയിൽ കോൺഗ്രസ് - യൂത്ത് കോൺഗ്രസ് തർക്കവുമാണ് ജില്ലയിലെ പ്രധാന വെല്ലുവിളി. സി.പി.എമ്മും സി.പി.ഐയും നേർക്കുനേർ മത്സരിക്കുന്ന തരത്തിലേക്ക് പല പഞ്ചായത്തിലും സ്ഥിതി രൂക്ഷമാകുമ്പോൾ, വലതിന് തലവേദനയാകുന്നത് വിമത ഭീഷണിയാണ്. ഇനിയും ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ലാത്ത സീറ്റുകളിൽ ചിലതിൽ സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾ പ്രചരണം ആരംഭിച്ചിട്ടുണ്ട്. അവസാന നിമിഷം പേര് വെട്ടിപ്പോയാൽ ഈ സ്ഥാനാർത്ഥികൾ വിമതരായി രംഗത്തിറങ്ങുമെന്നുറപ്പാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിമതരായി രംഗത്തിറങ്ങി വൻ തോതിൽ വോട്ടുപിടിച്ച പലരെയും ഇരുമുന്നണികളും ഇത്തവണ തിരികെ കൊണ്ടുവന്ന് കളത്തിലിറക്കിയിട്ടുണ്ട്.
ഇന്ന് കൂടുതൽ പത്രിക
സമർപ്പിക്കാൻ സാദ്ധ്യത
മണ്ഡലകാലത്തിന് തുടക്കം കുറിക്കുന്ന വൃശ്ചികം ഒന്നായ ഇന്ന് കൂടുതൽ സ്ഥാനാർത്ഥികൾ സമയം നോക്കി പത്രികാ സമർപ്പണത്തിനെത്തുമെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്. ഈ മാസം 21നാണ് പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി. സൂക്ഷ്മപരിശോധനയിൽ പത്രിക തള്ളിപ്പോകാതിരിക്കാൻ അയോഗ്യതയ്ക്ക് കാരണമായേക്കാവുന്ന ബാധ്യതകളടക്കം തീർപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ. പത്രികാസമർപ്പണം ആരംഭിച്ച വെള്ളിയാഴ്ച ജില്ലയിൽ ആരും സമർപ്പണം നടത്തിയിരുന്നില്ല. ശനിയാഴ്ച്ച വീയപുരം, തകഴി, മുളക്കുഴ ഗ്രാമപഞ്ചായത്തുകളിലായി ആകെ നാല് പത്രികകൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.