മില്ലുകാരുടെ കടും പിടിത്തം നെൽ കർഷക‌ർക്ക് തിരിച്ചടി

Monday 17 November 2025 1:38 AM IST

കുട്ടനാട്: കുട്ടനാട്ടിലെ നെല്ലുസംഭരണവുമായി ബന്ധപ്പെട്ടുള്ള എല്ലാപ്രശ്നങ്ങൾക്കും ഉടനടി പരിഹാരം കാണുമെന്ന് സർക്കാർ ഉറപ്പിച്ച് പറയുമ്പോഴും,​ നെല്ലിലെ ഈർപ്പത്തിന്റെയും അധിക തൂക്കത്തിന്റെയും കാര്യത്തിലുള്ള മില്ലുടമകളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. കൈനകരി കൃഷി ഭവന് കീഴിലായി കഴിഞ്ഞ ദിവസം കൊയ്ത്ത് ഏറെക്കുറെ പൂർത്തിയായ ഇരുമ്പനം, പുത്തൻതുരം, ഉമ്പിക്കാട്ട്ശ്ശേരി തുടങ്ങിയ പാടശേഖരങ്ങളിലെ നൂറ് കണക്കിന് കർഷകരാണ് ഇതോടെ പ്രശ്‌നത്തിലായത്.

ഒരുക്വിന്റൽ നെല്ലിൽ നിന്ന് ഒരു കണക്കിലും 68 കിലോ അരി ലഭിക്കില്ല. അതിനാൽ ഓരോ കിന്റലിനും കുറഞ്ഞത് 3 കിലോവീതം അധിക തൂക്കമായി നൽകണമെന്നതാണ് മില്ലുകാരുടെ

ആവശ്യം. മാത്രമല്ല,​ നെല്ലിലെ ഈർപ്പത്തിന്റെ തോത് 17ന് മുകളിലുള്ള ഓരോ പോയിന്റിനും ഒരു കിലോ വീതം നെല്ല് അധികമായി നല്കണമെന്നും അവർ ആവശ്യപ്പെടുന്നു. മില്ലുടമകളുടെയും ഏജന്റുമാരുടെയും യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ഈ പിടിവാശി കുട്ടനാട്ടിലെ കർഷകരെ കുറച്ചൊന്നുമല്ല വെള്ളംകുടിപ്പിക്കുന്നത്.

അടുത്ത ദിവസങ്ങളിൽ ചമ്പക്കുളത്ത് ഉൾപ്പടെ കൊയ്ത്ത് വ്യാപകമാകുകയും മഴ തുടരുകയും ചെയ്താൽ മില്ലുടമകൾ തങ്ങളുടെ നിലപാട് കടുപ്പിക്കുമെന്നതിൽ സംശയമില്ല. ഇക്കാര്യത്തിലുള്ള

സർക്കാർ നിഷ്ക്രിയത്വം തുടരുകയും ചെയ്താൽ കർഷകർ കൂടുതൽ പ്രതിസന്ധിയിലാകും.

ഈർപ്പത്തിന്റെ പേരിൽ വീണ്ടും ചൂഷണം

1.മില്ലുടമകളോ,​ ഏജന്റുമാരോ കർഷകരെ ചൂഷണം ചെയ്യാൻ ശ്രമിച്ചാൽ അത് ഒരു കണക്കിനും അംഗീകരിക്കുന്ന പ്രശ്നമില്ലെന്നാണ് കഴിഞ്ഞ ദിവസം മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രത്തിൽ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സിവിൽ സപ്ലൈസ്, കൃഷിമന്ത്രിമാരായ ജി.ആർ അനിൽ, പി.പ്രസാദ് എന്നിവർ വ്യക്തമാക്കിയതാണ്

2.മാത്രമല്ല,​ സംഭരണത്തിൽ എന്തെങ്കിലും തടസങ്ങൾ നേരിട്ടാൽ സിവിൽ സപ്ലൈസ് നേരിട്ട് നെല്ല് സംഭരിക്കാൻ തയ്യാറുകുമെന്നും അവർ കർഷകർക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ,​ കഴിഞ്ഞ ദിവസം മഴ പെയ്‌തതോടെ മില്ലുടമകൾ വീണ്ടും തങ്ങളുടെ പഴയ നിലപാട് ആവർത്തിച്ചുകൊണ്ട് രംഗത്തിറങ്ങിയിരിക്കുകയാണ്

3.പള്ളാതുരുത്തി കാട് കൈയാർ പാടത്ത് ഇന്നലെ കൊയ്ത്തിന് തുടക്കമായിരുന്നു.അടുത്ത ദിവസം തന്നെ ഇവിടെ നിന്ന് നെല്ല് സംഭരിക്കുമെന്ന് മില്ലുടമകൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ,​ തൊട്ടടുത്ത പാടശേഖരങ്ങളിലെ കർഷകർക്കുണ്ടായ ബുദ്ധിമുട്ട് തങ്ങളേയും ബാധിച്ചേക്കുമോ എന്ന ആശങ്ക ഇവിടെയും പിടികൂടിയിട്ടുണ്ട്

4. കഴിഞ്ഞ ദിവസം നെടുമുടി കൃഷിഭവന് കീഴിലെ മുട്ടനാകരി പാടശേഖരത്ത് ചാക്കിൽ നെല്ല് നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട് യൂണിയൻ തൊഴിലാളികൾ പ്രശ്നവുമായി രംഗത്ത് എത്തിയിരുന്നു. അത് പിന്നീട് കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് പരിഹരിച്ചെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമോ എന്ന ഭയവും കർഷകർക്കുണ്ട്