മണ്ഡലകാലത്ത് മോട്ടോർ വാഹനവകുപ്പ് സേഫ് സോൺ പദ്ധതി നടപ്പാക്കും

Monday 17 November 2025 2:00 AM IST

കൺട്രോൾ റൂം നമ്പർ: 9446037100

ഇടുക്കി:ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മുൻവർഷങ്ങളിലേതു പോലെ അയ്യപ്പഭക്തരുടെ വാഹനയാത്ര സുഗമവും അപകടരഹിതവുമാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് ഈ വർഷവും സേഫ് സോൺ പദ്ധതി നടപ്പിലാക്കും. സേഫ് സോൺ കുട്ടിക്കാനം സബ് കൺട്രോൾ റൂമിന്റെ പ്രവർത്തന ഉദ്ഘാടനം ഇടുക്കി ആർ.ടി.ഒ പി.എം ഷബീർ നിർവഹിച്ചു. യോഗത്തിൽ ഇടുക്കി എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ എസ്.സഞ്ജയ് അദ്ധ്യക്ഷനായി. വണ്ടിപ്പെരിയാർ ജോയിന്റ് ആർ.ടി.ഒ ഇബ്രാഹിംകുട്ടി, മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ എസ് .പി .സി ചാർജ് ഓഫീസർ സുഭദ്ര എന്നിവർ ആശംസകൾ അറിയിച്ചു. താത്ക്കാലിക ഡ്രൈവർമാർ, എസ്.പി.സി കേഡറ്റുകൾ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

24 മണിക്കൂറും പ്രവർത്തനസജ്ജമായ പട്രോളിംഗ് ടീമുകളെ കുമളി മുതൽ മുണ്ടക്കയംവരെയും, വണ്ടിപ്പെരിയാർ മുതൽ സത്രം വരെയുമുള്ള റോഡുകളിൽ വിന്യസിച്ചിട്ടുണ്ട്. യാത്രാമദ്ധ്യെ തകരാർ സംഭവിക്കുന്ന വാഹനങ്ങൾക്ക് അറ്റകുറ്റപ്പണി നടത്തി യാത്ര തുടരാൻ സഹായിക്കുകയും അപകടങ്ങൾ ഉണ്ടായാൽ ആവശ്യമായ എല്ലാ സഹായവും ചെയ്തുനൽകാനായി വിവിധ മെക്കാനിക്കൽ സർവീസ് ഏജൻസികളെയും റിക്കവറി വാഹന ശൃംഖലയും മേൽ പാതകളിൽ മോട്ടോർ വാഹനവകുപ്പ് ക്രമീകരിച്ചിട്ടുണ്ട്.

ഭക്തരുടെയും പൊതുജനങ്ങളുടെയും അപകടരഹിതമായ യാത്ര ഉറപ്പുവരുത്തുകയാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

ഇതിനായി കേരളത്തിലുടനീളമുള്ള ഉദ്യോഗസ്ഥരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരെ നിയോഗിച്ചിട്ടുണ്ട്. വാഹനങ്ങൾ അപകടത്തിൽപെടുകയോ, കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ സേഫ് സോൺ കൺട്രോൾ റൂമിൽ വിവരം അറിയിക്കേണ്ടതാണെന്നും ആവശ്യമായ സഹായങ്ങൾ മോട്ടോർ വാഹനവകുപ്പ് ചെയ്തു നൽകുമെന്നും ഇടുക്കി എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ എസ്. സഞ്ജയ് അറിയിച്ചു.