അനുജനെ തളയ്ക്കാൻ യു.ഡി.എഫിന്റെ 'ചേട്ടൻ ബാവ'

Monday 17 November 2025 1:17 AM IST

കൊല്ലം: എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റിൽ അവരുടെ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ യു.ഡി.എഫ് കളത്തിലിറക്കിയത് ജ്യേഷ്ഠനെ. പത്തനാപുരം പഞ്ചായത്തിലെ കല്ലുംകടവ് വാർഡിലാണ് സഹോദരന്മാർ തമ്മിൽ പോരടിക്കുന്നത്. ഡെൻസൺ വർഗീസ് (45), മൂത്ത സഹോദരൻ ഡെന്നി വർഗീസ് (53) എന്നിവരാണ് എൽ.ഡി.എഫ്-യു.ഡി.എഫ് സ്ഥാനാർത്ഥികൾ. കഴിഞ്ഞ തവണയും കല്ലുംകടവിൽ വിജയിച്ചത് ഡെൻസൺ ആയിരുന്നു. ഇക്കുറിയും ഡെൻസണെ തന്നെ സി.പി.എം രംഗത്തിറക്കി.

പിന്നാലെ ഡെന്നി വർഗീസിനെ യു.ഡി.എഫ് കളത്തിലിറക്കുകയായിരുന്നു. നേരത്തേ ഇരുവരും എസ്.എഫ്.ഐയുടെ സജീവ മുഖങ്ങളായിരുന്നു. പിന്നീട് ഡെന്നി വർഗീസ് കേരള കോൺഗ്രസിൽ ചേർന്നു. പത്തനംതിട്ട ജില്ലാ കോടതി അഭിഭാഷകനായ ഡെന്നി കേരള കോൺഗ്രസ് പത്തനാപുരം നിയോജകമണ്ഡലം പ്രസിഡന്റാണ്. ഭാര്യ ബ്രിജിത്ത് ഡെന്നി 2010-15 കാലഘട്ടത്തിൽ കല്ലുംകടവ് വാർഡിലെ ജനപ്രതിനിധിയായിരുന്നു. കഴിഞ്ഞ തവണ ജില്ലാപഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ഡെൻസൺ വർഗീസ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും പത്തനാപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമാണ്. ഇരുമുന്നണികളും വിജയിച്ച ചരിത്രവും കല്ലുംകടവ് വാർഡിനുണ്ട്. കല്ലുംകടവിലെ കുടുംബവീടായ നല്ലവീട്ടിൽ കുറ്റിയിലാണ് ഡെൻസൺ വർഗീസ്, അമ്മ കുഞ്ഞമ്മ വർഗീസ്, ഭാര്യ റിൻസി, മക്കളായ ഹദാഷ, ഹെലൻ, ഹേബ എന്നിവർ താമസിക്കുന്നത്. കുടുംബവീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാറിയാണ് ഡെന്നി വർഗീസ് താമസിക്കുന്നത്. മക്കൾ: ഡെവിൻ, ഡിയോണ.