അറസ്റ്റിലായ ഭീകരന്റെ ഫോണിൽ കാശ്മീരി സ്ത്രീകളുമായുള്ള അശ്ലീല ചിത്രങ്ങളും വീഡിയോ കാൾ രേഖകളും

Sunday 16 November 2025 11:22 PM IST

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടന കേസിൽ അറസ്റ്റിലായ ഭീകരൻ അദീൽ മജീദ് റാത്തറിന്റെ വസതിയിൽ നിന്ന് പിടിച്ചെടുത്ത ഫോണുകളിൽ കാശ്മീരി സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും വീഡിയോ കാൾ രേഖകളും കണ്ടെടുത്തു. ജമ്മു കാശ്മീർ സ്വദേശിയായ അദീലിനെ കഴിഞ്ഞയാഴ്ചയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ മുമ്പ് സഹാറൻപുരിലെ ഫേമസ് ഹോസ്‌പിറ്റലിൽ ഡോക്ടറായി ജോലി ചെയ്തിരുന്നു. ഇയാളുടെ വസതിയിൽ നടത്തിയ പരിശോധനയിൽ 14 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഈ ഫോണുകളിൽ നിന്നാണ് ഒന്നിലധികം കാശ്മീരി സ്ത്രീകളുമായുള്ള അശ്ലീല ഫോട്ടോകളും വീഡിയോ കാൾരേഖകളും കണ്ടെത്തിയതെന്ന് അന്വേഷണ സംഘം പറഞ്ഞു.

സെഷൻ ആപ്പിലും വാട്ട്സ്ആപ്പിലും രാത്രി വൈകിയുള്ള എൻക്രിപ്റ്റഡ് ചാറ്റുകളും കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാദേശിക ഡോക്ടർമാരുമായി അടുപ്പം സ്ഥാപിക്കുന്നതിനും വ്യക്തിപരമായ വിവരങ്ങൾ ചോർത്തുന്നതിനും വേണ്ടി കാശ്മീരി സ്ത്രീകളെ ഉപയോഗിക്കുന്ന ഹണിട്രാപ് രീതിയാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. ഇയാൾ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന് സഹായം നൽകിയിരുന്നോ എന്നതിനെ കുറിച്ച് ഉത്തർ‌പ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡും മറ്റ് സുരക്ഷാ ഏജൻസികളും ജമ്മു കാശ്മീർ പൊലീസിന്റെ പ്രത്യേക യൂണിറ്റും ചേർന്ന് അന്വേഷിക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സഫാറൻപുരിൽ നടത്തിയ റെയ്ഡിൽ അദീലിന്റെ രാത്രികാല സന്ദർശകരെ കുറിച്ച് മറ്റു രണ്ട് ഡോക്ടർമാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതായും അന്വേഷണ സംഘം അറിയിച്ചു.