ബി.എൽ.ഒയുടെ ആത്മഹത്യ: സമ്മർദ്ദമാണ് എസ്.ഐ.ആർ

Monday 17 November 2025 1:21 AM IST

കണ്ണൂർ/തിരുവനന്തപുരം: എസ്.ഐ.ആർ ഫോം വിതരണം അതിവേഗം പൂർത്തിയാക്കണമെന്ന സമ്മർദ്ദം താങ്ങാനാവാതെയാണ് പയ്യന്നൂർ നിയോജക മണ്ഡലത്തിലെ ഏറ്റുകുടുക്ക ബൂത്ത്‌ ലെവൽ ഓഫീസർ അനീഷ് ജോർജ് (44) ആത്മഹത്യ ചെയ്തതെന്ന ആക്ഷേപം ശക്തമായി. കുന്നരു എ.യു.പി സ്കൂളിലെ പ്യൂണായ പയ്യന്നൂർ ഏറ്റുകുടുക്ക സ്വദേശി അനീഷ്, ജോലി സമ്മർദ്ദം താങ്ങാൻ കഴിയുന്നില്ലെന്ന് ഉയർന്ന ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. വീട്ടുകാർ പള്ളിയിൽ പോയി ഇന്നലെ രാവിലെ 11ന് മടങ്ങിയെത്തിയപ്പോൾ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.

ഇന്നലെ നൂറു ശതമാനം വിതരണം പൂർത്തിയാക്കണമെന്നായിരുന്നു നിർദ്ദേശം. മണിക്കൂർ ഇടവിട്ട് തഹസിൽദാറും കളക്ടറേറ്റ് അധികൃതരുമടക്കം ഫോണിൽ വിളിച്ച് പുരോഗതി തിരക്കുകയും നിർബന്ധിക്കുകയും ചെയ്തതായി ജീവനക്കാർ പറയുന്നു. ആത്മഹത്യയുടെ ഉത്തരവാദിത്വം ഇലക്ഷൻ കമ്മിഷനാണെന്നാണ് ആരോപിച്ച് ഇടതു, വലത് രാഷ്ട്രീയ പാർട്ടികളും ജീവനക്കാരുടെ സംഘടനകളും രംഗത്തെത്തി. എസ്.ഐ.ആർ നീട്ടിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.

തദ്ദേശ തിരഞ്ഞെടുപ്പ് ജോലിയും നിർവഹിക്കേണ്ടി വരുന്നത് ബി.എൽ.ഒമാരെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. മകന്റെ മരണത്തിന് പിന്നിൽ എസ്.ഐ.ആർ സമ്മർദ്ദമാണെന്ന് പിതാവ് ജോർജ് തുറന്നടിച്ചു. എല്ലാ വീടുകളിലും ഫോം എത്തിക്കാൻ അനീഷിന് കഴിഞ്ഞില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.

പയ്യന്നൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ സമ്മർ‌ദ്ദമാണോ കാരണമെന്നും അന്വേഷിക്കുന്നുണ്ട്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. അമ്മ: മേരി,​ ഭാര്യ: ഫാമില. മക്കൾ: ലിവിയ,​ ജുവാൻ.

ഫോം നൽകിയത് പലപ്പോഴായി,

പലവട്ടം വീടുകൾ കയറിയിറങ്ങി

ഓരോ ബൂത്തിനുകീഴിലും 1000- 1200 വോട്ടർമാരാണുള്ളത്. ആദ്യം 500 ഫോമാണ് നൽകിയത്. രണ്ടും മൂന്നും ഘട്ടമായാണ് ശേഷിക്കുന്ന ഫോം നൽകിയത്. ഒരു വീട്ടിൽ രണ്ടിലധികം പ്രാവശ്യം പോകേണ്ടിവന്നത് സമയം അപഹരിച്ചു. നഗരമേഖലയിലെ വോട്ടർമാരിൽ പലരും താമസം മാറിയിരുന്നു. മലയോര മേഖലയിൽ കുന്നുംമലയും കയറി എത്തുമ്പോൾ മിക്ക വീടുകളിലും ആളുണ്ടാവില്ല.

സംസ്ഥാന വ്യാപകമായി ബി.എൽ.ഒമാർ ഇന്ന് ജോലി ബഹിഷ്കരിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്‌, അദ്ധ്യാപക സർവീസ് സംഘടന സമരസമിതി, എൻ.ജി.ഒ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ചീഫ് ഇലക്ടറൽ ഓഫീസിലേക്കും കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തും. 35000 ബി.എൽ.ഒമാർ

1000- 1200

ഓരോ ബൂത്തിലെയും വോട്ടർമാർ

ബി.എൽ.ഒമാരുടെ ജോലി

നേരിട്ടുള്ള ഫോം വിതരണം ഫോം പൂരിപ്പിച്ച് തിരിച്ചു വാങ്ങൽ 2002ലെ വോട്ടർപട്ടികയുമായി ഒത്തുനോക്കൽ മൊബൈൽ ആപ്ലിക്കേഷൻ വഴി ഓൺലൈനിൽ എൻട്രി

31 ദിവസം ബി.എൽ.ഒമാർക്ക് മറ്റൊരു ജോലിയും നൽകിയിട്ടില്ല. സഹായിക്കാൻ ഫീൽഡിൽ ഉന്നത ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർമാർ ഉൾപ്പെടെ പോകാറുണ്ട്. സംഭവത്തിൽ കളക്ടറുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

-രത്തൻ യു. ഖേൽക്കർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ