ഉമർ നബി ചാവേർ തന്നെ : സഹായി അമിർ റാഷിദ് അലി അറസ്റ്റിൽ

Monday 17 November 2025 1:31 AM IST

ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായത് ചാവേർ ബോംബാക്രമണമെന്നും പൊട്ടിച്ചിതറിയ ഡോ. ഉമർ നബി ചാവേറാണെന്നും എൻ.ഐ.എ സ്ഥിരീകരിച്ചു. ഐ.ഇ.ഡി സ്‌ഫോടനമായിരുന്നു. ഉമറിന്റെ സഹായിയും ഗൂഢാലോചനയിലെ പങ്കാളിയുമായ ജമ്മു കാശ്‌മീർ പാംപോർ സ്വദേശി അമിർ റാഷിദ് അലി ഡൽഹിയിൽ അറസ്റ്റിലായി. സംഭവത്തിൽ എൻ.ഐ.എ നടത്തുന്ന ആദ്യ അറസ്റ്റാണിത്.

പൊട്ടിത്തെറിച്ച എച്ച്.ആർ 26 സി.ഇ 7476 നമ്പർ ഹ്യൂണ്ടായ് ഐ 20 കാർ അമിറിന്റെ പേരിലാണ്. കാർ വാങ്ങാനാണ് അമിർ ഡൽഹിയിലെത്തിയത്

ഉമർ ജമ്മു കാശ്‌മീർ‌ പുൽവാമ സ്വദേശിയാണ്. ഫരീദാബാദ് അൽ ഫലാ യൂണിവേഴ്സിറ്റിയിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. ഉമറിന്റെ മറ്റൊരു വാഹനം പിടിച്ചെടുത്ത് പരിശോധിച്ചെന്നും എൻ.ഐ.എ അറിയിച്ചു. ഇതു ചുവന്ന ഫോർഡ് ഇക്കോ സ്‌പോർട്ട് കാറാണെന്നാണ് സൂചന. ഉമർ താമസിച്ചിരുന്ന ഹരിയാന നൂഹിലെ വാടകമുറി സീൽ ചെയ്‌തു. ഇവിടെ നിന്നാണ് ഐ20 കാറുമായി ഉമർ പുറപ്പെട്ടതെന്നാണ് സൂചന.

 മറ്റ് സംസ്ഥാനങ്ങളിലും റെയിഡ്

ജമ്മു കാശ്‌മീരിന് പുറമേ, ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്ത‌ർപ്രദേശ്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ എൻ.ഐ.ഐ ഇന്നലെ റെയ്ഡുകൾ നടത്തി. പൊലീസ്, മറ്റ് ഏജൻസികൾ എന്നിവയുമായി ഏകോപിച്ചാണ് അന്വേഷണം. ഗൂഢാലോചന പുറത്തു കൊണ്ടുവരാനും, മുഴുവൻ കുറ്റവാളികളെയും പിടിക്കാനുമാണ് ശ്രമം.

സംഭവത്തിൽ 10 പേർ മരിച്ചെന്നും 32 പേർക്ക് പരിക്കേറ്റെന്നും വാർത്താക്കുറിപ്പിൽ എൻ.ഐ.എ ചൂണ്ടിക്കാട്ടി. എ.ഡി.ജി.പി വിജയ് സാഖറെയുടെ നേതൃത്വത്തിലാണ് എൻ.ഐ.എ അന്വേഷണം. പരിക്കേറ്റവരടക്കം 73 സാക്ഷികളുടെ മൊഴിയെടുത്തു. സ്‌ഫോടനമുണ്ടായ മേഖലയിൽ നിന്ന് മൂന്ന് 9 എം.എം വെടിയുണ്ടകൾ കണ്ടെത്തി.

 സാത്താന്റെ അമ്മ

അമോണിയം നൈട്രേറ്റിന് പുറമെ അത്യുഗ്ര സ്‌ഫോടനശേഷിയുള്ള ട്രയാസെറ്റോൺ ട്രൈപെറോക്സൈഡും (ടി.എ.ടി.പി) ഡൽഹി സ്‌ഫോടനത്തിന് ഉപയോഗിച്ചോയെന്ന് പരിശോധിക്കുന്നു. സാത്താന്റെ അമ്മയെന്നാണ് ടി.എ.ടി.പി അറിയപ്പെടുന്നത്. സ്‌ഫോടനത്തിന് ഡിറ്റനേറ്ററിന്റെ ആവശ്യമില്ല.