ബീഹാറിൽ നിതീഷും 35 മന്ത്രിമാരും
ന്യൂഡൽഹി: ബീഹാറിൽ ജെ.ഡി.യു നേതാവ് നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരും. സത്യപ്രതിജ്ഞ ബുധനാഴ്ചയോ വ്യാഴാഴ്ചയോ നടക്കും. ബി.ജെ.പിക്കും, ചിരാഗ് പാസ്വാന്റെ ലോക് ജൻശക്തിക്കും (എൽ.ജെ.പി) ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കും. മുഖ്യമന്ത്രിയായി നിതീഷിന്റെ 10-ാം ഊഴമാണിത്.
ബി.ജെ.പിക്ക് 16 മന്ത്രിസ്ഥാനം ലഭിച്ചേക്കും. ജെ.ഡി.യുവിന് 14ഉം. എൽ.ജെ.പിക്ക് മൂന്ന്, ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ), രാഷ്ട്രീയ ലോക് മോർച്ച പാർട്ടികൾക്ക് ഓരോ മന്ത്രിമാരുമുണ്ടാകും. നിതീഷും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നടത്തിയ ചർച്ചയിലാണ് ഏകദേശ ധാരണയായത്.
സത്യപ്രതിജ്ഞയ്‌ക്ക് മോദിയെത്തും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗകര്യം കണക്കിലെടുത്താകും സത്യപ്രതിജ്ഞ തീയതി അന്തിമമാക്കുക. പാട്നയിലെ ഗാന്ധി മൈതാൻ വേദിയാകും. 17-ാം നിയമസഭയുടെ അവസാന കാബിനറ്റ് ഇന്നു ചേർന്ന ശേഷം നിതീഷ് കുമാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജി സമർപ്പിക്കും. പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കും. 243 നിയമസഭാ മണ്ഡലങ്ങളിൽ 202 സീറ്റുകളാണ് എൻ.ഡി.എ നേടിയത്.