ക്യാന്‍സറിന് കാരണമാകുന്നുവെന്ന് കണ്ടെത്തല്‍; സാധനം എത്തിക്കുന്നത് അങ്ങ് ചൈനയില്‍ നിന്ന്
ന്യൂഡല്‍ഹി: ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് വ്യാപകമായി ഇറക്കുമതി ചെയ്യുന്ന പിവിസി റെസിന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് കണ്ടെത്തല്‍. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന റസിന്‍ ഗുണനിലവാരമില്ലാത്തവയാണെന്നും ഇത്തരം സാധനം വ്യാപകമായി ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്നത് ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്നും സെന്റര്‍ ഫോര്‍ ഡൊമസ്റ്റിക് ഇക്കണോമി പോളിസി റിസര്‍ച്ചിന്റെ പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
പിവിസി റെസിന്‍ അഥവാ പോളി വിനൈല്‍ ക്ലോറൈഡ് എന്നത് പൈപ്പ്, കേബിള്‍, മെഡിക്കല്‍ സാമഗ്രികള്‍ തുടങ്ങിയവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന കൃത്രിമ പ്ലാസ്റ്റിക് പോളിമറാണ്. വെള്ള നിറത്തില്‍ പൊടിയുടെ രൂപത്തിലാണ് ഇവ ലഭ്യമാകുന്നത്. ഇത് ചൂടായാല്‍ മൃദുവാകു ന്നു. രൂപം കൊടുക്കാന്‍ എളുപ്പമാകുന്ന സ്വഭാവമുള്ളതിനാല്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയില്‍ ഉയര്‍ന്ന അളവിലുള്ള റെസിഡ്യൂവല്‍ വിനൈല്‍ ക്ലോറൈഡ് അടങ്ങിയിരിക്കുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ ഈ ആര്‍വിസിഎമ്മിനെ കാറ്റഗറി 1എ കാര്‍സിനോജന്‍ ആയി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് മനുഷ്യരില്‍ ക്യാന്‍സര്‍ പടരുന്നതിന് പ്രധാന കാരണമാകുന്ന ഒന്നാണ്. അനുവദിനീയമായതിലും അഞ്ച് മടങ്ങ് വരെയാണ് ഈ വസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത് എന്നത് ക്യാന്‍സര്‍ ബാധിക്കാനുള്ള സാദ്ധ്യതയെ വര്‍ദ്ധിപ്പിക്കുന്നു.
'ബാലന്‍സിംഗ് ഗ്രോത്ത് ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് സേഫ്റ്റി: ക്രിട്ടികാലിറ്റി ഓഫ് പിവിസി ക്യുസിഒ ഇന്‍ ഇന്ത്യ' എന്ന തലക്കെട്ടിലുള്ള പഠന റിപ്പോര്‍ട്ട് ഐഐടി ഡല്‍ഹിയിലാണ് പുറത്തിറങ്ങിയത്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ ഏകദേശം 30 ശതമാനം വരുന്ന പിവിസി ജലവിതരണം, ശുചിത്വം, ജലസേചനം, ആരോഗ്യ സംരക്ഷണം, നിര്‍മാണം തുടങ്ങിയ നിര്‍ണായക മേഖലകളില്‍ ഉപയോഗിക്കുന്നുണ്ടെന്നതിനാല്‍ തന്നെ റെസിന്റെ ഗുണനിലവാരം അപകടകരമാകുന്നത് വലിയ ആപത്ത് ക്ഷണിച്ചുവരുത്തുന്നുവെന്നാണ് നിഗമനം.