ചെമ്പൈ സംഗീതോത്സവം തുടങ്ങി
ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവം കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരം പ്രൊഫ.പാൽകുളങ്ങര കെ.അംബികാദേവിക്ക് സമർപ്പിച്ചു. ഡോ.എം.വി നാരായണൻ കൃഷ്ണ ഗീതി ദിന പ്രഭാഷണം നിർവഹിച്ചു. ശ്രീമാനവേദ സുവർണ്ണ മുദ്ര കൃഷ്ണനാട്ടം ഇടയ്ക്ക വിഭാഗം കലാകാരൻ വി.എം സുധാകരനും വാസു നെടുങ്ങാടി എൻഡോവ്‌മെന്റ് സുവർണമുദ്ര കൃഷ്ണനാട്ടം വേഷം കലാകാരൻ കെ.എം മനീഷിനും സമ്മാനിച്ചു. ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഉപയോഗിച്ചിരുന്ന തംബുരു സംഗീത മണ്ഡപത്തിൽ സ്ഥാപിച്ചു. പ്രൊഫ.പാൽകുളങ്ങര കെ.അംബികാദേവിയുടെ സംഗീത കച്ചേരി അരങ്ങേറി. ഇന്ന് രാവിലെ 7 ന് ഭദ്രദീപം ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാട് സംഗീത മണ്ഡപത്തിൽ തെളിയിക്കും. തുടർന്ന് സംഗീതോത്സവത്തിന് തുടക്കമാകും.