മണ്ഡലകാല പൂജകൾക്കു ഇന്ന് തുടക്കം
Monday 17 November 2025 12:10 AM IST
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാല പൂജകൾക്ക് ഇന്ന് തുടക്കം. ഗുരുവായൂരപ്പന് ബിംബശുദ്ധി നടന്നു. ക്ഷേത്രം തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് ശുദ്ധി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. ഇന്ന് ഉച്ചപൂജയ്ക്ക് ഗുരുവായൂരപ്പന് 25 കലശം അഭിഷേകം ചെയ്യും. ഇന്നു മുതൽ ഗുരുവായൂരപ്പന് വിശേഷമായി പഞ്ചഗവ്യ അഭിഷേകവും ആരംഭിക്കും. 40 ദിവസം ഉച്ചപൂജയ്ക്കു മുമ്പായി ഗുരുവായൂരപ്പന് പ്രത്യേകം തയ്യാറാക്കിയ പഞ്ചഗവ്യം അഭിഷേകം ചെയ്യും. തന്ത്രിയോ ഓതിക്കനോ ചടങ്ങ് നിർവ്വഹിക്കും. 41ാം ദിവസം കളഭാഭിഷേകത്തോടെ മണ്ഡലപൂജ സമാപിക്കും. വൃശ്ചികം ഒന്നു മുതൽ മുപ്പതു ദിവസം വിശേഷാൽ വാദ്യങ്ങളോടെയാണ് ശീവേലി. ശീവേലി വൃശ്ചിക മാസത്തിൽ മുപ്പതു ദിവസം അഞ്ച് പ്രദക്ഷിണവുമുണ്ടാകും. ഇടുതുടി, വീരാണം എന്നീ വിശേഷ വാദ്യങ്ങൾ ശീവേലിക്ക് അകമ്പടിയാകും.