റീൽസ്, ചുവരെഴുത്ത്; പ്രചാരണം ഇനി ടോപ് ഗിയറിൽ

Monday 17 November 2025 12:11 AM IST

തൃശൂർ: ന്യൂജെൻ വോട്ടർമാരെ വീഴ്ത്താൻ റീൽസും എ.ഐ വീഡിയോയും പോസ്റ്റുകളും സ്റ്റാറ്റസും. പരമ്പരാഗത വോട്ടർമാരെ വീഴ്ത്താൻ ചുവരെഴുത്തും പ്രചാരണനോട്ടീസും കൊടിതോരണങ്ങളും. തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം അവസാനഘട്ടത്തിലെത്തുമ്പോൾ, പ്രചാരണം ടോപ്പ് ഗിയറിലേക്ക്. രണ്ടും മൂന്നും മൊബൈലുള്ള ന്യൂജെൻ വോട്ടർമാരുടെ വൈബ് പിടിച്ചെടുക്കാൻ സാമൂഹ്യമാദ്ധ്യമങ്ങളും ആധുനികസാങ്കേതിക വിദ്യകളുമാണ് മൂന്ന് മുന്നണികളും ആയുധമാക്കുന്നത്. പ്രത്യേകം സോഷ്യൽമീഡിയ ടീമിനെ തന്നെ രംഗത്തിറക്കിയിട്ടുമുണ്ട്. പഴയകാല ഹിറ്റ് പാട്ടുകളുടെ സംഗീതവും സിനിമാദൃശ്യങ്ങളുമെടുത്ത് പ്രചാരണഗാനത്തിന്റെ വരികൾ ചേർത്ത് അവതരിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. ഓൺലൈൻ പ്രചാരണം ഏറ്റെടുത്ത സ്ഥാപനങ്ങൾക്ക് ഇനി ചാകരയാണ്. വലിയ തുകയ്ക്കാണ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കരാർ നൽകുന്നത്. അതേസമയം, പഴയ തലമുറയെ സ്വാധീനിക്കാൻ പരമ്പരാഗതമായ ചുവരെഴുത്തും വീട് കയറിയുള്ള പ്രചാരണ പരിപാടികളുമായി മറ്റ് പ്രവർത്തകരും സജീവമാണ്. വൈകാരികതയോടെ തയ്യാറാക്കുന്ന പ്രചാരണനോട്ടീസുകളും നാടിന്റെ പ്രശ്‌നങ്ങൾ അവതരിപ്പിച്ചും വാഗ്ദാനങ്ങൾ നൽകിയുമുള്ള സ്‌പെഷ്യൽ പതിപ്പും അവസാനഘട്ടത്തിലേക്ക് മുന്നണികൾ കരുതിവെച്ചിട്ടുണ്ട്. വയോജനങ്ങളെ വീടുകയറി കണ്ടും കുശലം പറഞ്ഞും പ്രചാരണനോട്ടീസുകൾ കൈമാറിയുമുള്ള പ്രചാരണത്തിന് തദ്ദേശതിരഞ്ഞെടുപ്പിൽ ഏറെ വിലയുണ്ടെന്ന് നേതാക്കൾ പറയുന്നു.

യുവത്വത്തെ ആകർഷിക്കാം, വോട്ടാകുമോ?

റീൽസും വീഡിയോകളും സ്റ്റാറ്റസും സിനിമയുമെല്ലാം കുത്തിനിറച്ചുള്ള ഓൺലൈൻ പ്രചാരണത്തിലൂടെ യുവത്വത്തെ ആകർഷിക്കാമെങ്കിലും ഇത് വോട്ടായി മാറണമെന്നില്ലെന്നാണ് ചില നേതാക്കളുടെ അഭിപ്രായം. പൊതുയോഗങ്ങളിലും പൊതു ഇടങ്ങളിലും യുവാക്കളുടെ പങ്കാളിത്തം കുറവാണ്. വിദ്യാർത്ഥികൾ പഠനത്തിനും യുവാക്കൾ ജോലിക്കുമായി മറുനാടുകളിലാണ്. അതുകൊണ്ട് യുവത്വത്തിന്റെ വോട്ട് എങ്ങനെ മാറിമറിയുമെന്ന് നേതൃത്വത്തിനും കൃത്യമായ മറുപടിയില്ല. ഹരിത പ്രോട്ടോക്കോൾ നിർബന്ധമാക്കിയതിനാൽ സാധാരണ ഫ്‌ളക്‌സുകൾക്ക് വിലക്കുണ്ട്. ബാനറുകൾക്ക് ഈടാക്കുന്നത് വൻ തുകയാണ്.

സ്ഥാനാർത്ഥികളുടെ പൂർണ്ണചിത്രം ഇന്നത്തോടെ വ്യക്തമാകും. പഞ്ചായത്തുകളിൽ മാത്രമാണ് സ്ഥാനാർത്ഥി നിർണ്ണയം അൽപ്പം വൈകിയത്. ഇനി പ്രചാരണ കൺവെൻഷനും താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളും ശക്തമാക്കും. ന്യൂജെൻ ക്യാമ്പയിനും വ്യാപകമാക്കിയിട്ടുണ്ട്.

പി.കെ.ചന്ദ്രശേഖരൻ എൽ.ഡി.എഫ് ജില്ലാ കൺവീനർ

ചൊവ്വാഴ്ചയോടെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമാകും. പഞ്ചായത്തുകളിൽ 90 ശതമാനവും പൂർത്തിയായി. ബ്‌ളോക്കിലേക്കും നഗരസഭകളിലേക്കുമുള്ള സ്ഥാനാർത്ഥികളുടെ പ്രഖ്യാപനവും ഉടനുണ്ടാകും.

ജോസഫ് ടാജറ്റ്, ഡി.സി.സി പ്രസിഡന്റ്

ഇന്നത്തോടെ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ ചിത്രം ഏകദേശം പൂർണ്ണമാകും. പ്രചാരണത്തിന് സോഷ്യൽ മീഡിയ സംഘങ്ങളും സജീവമായുണ്ട്.

ജസ്റ്റിൻ ജേക്കബ്, ബി.ജെ.പി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ്‌