ചില്ലറയല്ല പണി; നടന്നുകിതച്ച് ബി.എൽ.ഒമാർ
തൃശൂർ: 'മുക്കിലും മൂലയിലും പോയി വോട്ടർമാരെ തെരഞ്ഞ് കണ്ടുപിടിക്കുക എളുപ്പമല്ല, അതിനിടയ്ക്കാണ് ടാർജറ്റ്. ചുമതലയേറ്റെടുക്കുമ്പോൾ ഇതൊന്നും പറഞ്ഞില്ല. ഇപ്പോൾ ഓരോ ദിവസവും നിയമം മാറുന്നു, ടാർജറ്റ് വരുന്നു.' ബി.എൽ.ഒമാരുടെ സംസ്ഥാന ഗ്രൂപ്പിൽ വന്ന സന്ദേശമാണിത്. ഇതേ ഗ്രൂപ്പിലെ ഒരു വനിതാ ഉദ്യോഗസ്ഥ പറയുന്നു. 'ഞങ്ങൾ അടിമകളല്ല, വ്യക്തിസ്വാതന്ത്ര്യവും അവകാശവുമുണ്ട്. രാത്രി പത്തരയ്ക്ക് ഒക്കെയാണ് ജോലി തീരുക. പലപ്പോഴും മൂത്രമൊഴിക്കാനോ, ഭക്ഷണം കഴിക്കാനോ സമയം കിട്ടാറില്ല' പഞ്ചായത്ത് തിരഞ്ഞെടുപ്പിനല്ല, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാണ് ബൂത്ത് ലെവൽ ഓഫീസർമാർ നടത്തുന്നതെങ്കിലും ദ്രുതഗതിയിൽ തീർക്കാനാണ് നിർദ്ദേശം. ഇതിനായി ടാർജറ്റുമുണ്ട്. നവംബർ 15 ഓടെ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനുള്ള (എസ്.ഐ.ആർ) അപേക്ഷ എല്ലാ വോട്ടർമാർക്കുമെത്തിക്കണം. എന്നാൽ ഈ മാസം ഏഴ് മുതലാണ് ഫോം കൈയിൽ കിട്ടിയതത്രെ. ഒരാഴ്ചയ്ക്കകം 1500 ഓളം പേരുടെ കൈകളിൽ ഇവ എങ്ങനെ എത്തിക്കാനാകും?. വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുണ്ടെങ്കിലും വീട് മാറിപ്പോയവരും സ്ഥലത്തില്ലാത്തവരുമുണ്ട്. സംസ്ഥാനത്ത് ഇതുവരെ ഫോം സ്‌കാൻ ചെയ്ത് ആപ്പിൽ രേഖപ്പെടുത്തി എസ്.ഐ.ആർ ഫോം നൽകിയത് 85ശതമാനം മാത്രമാണ്. ഫോം പൂരിപ്പിച്ച ശേഷം തിരികെ വാങ്ങാനും വീടുകൾ കയറിയിറങ്ങണം. മുൻപ് അംഗൻവാടി ടീച്ചർമാരായിരുന്നു ബി.എൽ.ഒമാർ. എന്നാൽ വോട്ടേഴ്‌സ് ഹെൽപ്പ്‌ലൈൻ ആപ്പിന്റെ ഉപയോഗവും മറ്റും ഇവരെ ബുദ്ധിമുട്ടിലാക്കിയതോടെയാണ് സർക്കാർ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ നിയമിച്ചത്. ചിലയിടങ്ങളിൽ അംഗൻവാടി ടീച്ചറുമാരും ബി.എൽ.ഒമാരായുണ്ട്. ഒരു രാഷ്ട്രീയ കക്ഷികളും ബി.എൽ.ഒമാരെ സഹായിക്കാനില്ലെന്ന പരാതിയും ഇവർക്കുണ്ട്. ഓരോ രാഷ്ട്രീയ പാർട്ടികളുടെയും ബൂത്ത് ലെവൽ ഏജന്റുമാരുടെയും ലിസ്റ്റ് പോലും കൈമാറാതെയും പരിശീലനം നൽകാതെയുമാണ് ബി.എൽ.ഒമാർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ടാർജറ്റ് നിശ്ചയിച്ചതെന്നും ആക്ഷേപമുണ്ട്.
പരിശീലനവുമില്ല
എസ്.ഐ.ആർ ഫോം തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടേഴ്‌സ് ലിസ്റ്റാണെന്നാണ് പലരും കരുതുന്നതെന്ന് ബി.എൽ.ഒമാർ പറയുന്നു. ബി.എൽ.ഒമാരെ സ്ഥാനാർത്ഥിയെന്ന് തെറ്റിദ്ധരിച്ച് വോട്ട് ചെയ്യാമെന്ന് വാഗ്ദാനം ചെയ്തവരും രാഷ്ട്രീയക്കാരോടുള്ള വിരോധം കൊണ്ട് നായയെ അഴിച്ചുവിട്ടവരുമുണ്ട്. സ്ഥലം മാറിപ്പോയ അയൽവാസിയെ കുറിച്ച് ചോദിച്ചതിന് ഒരു ബി.എൽ.ഒയ്ക്ക് കിട്ടിയത് അശ്‌ളീലവാക്ക്..! ആദ്യം ഡിസംബർ നാലിന് മുൻപ് എസ്.ഐ.ആർ പൂർത്തിയാക്കിയാൽ മതിയെന്നായിരുന്നു നിർദ്ദേശം. പിന്നീടാണ് ഒരാഴ്ച കൊണ്ട് എല്ലാം തീർക്കണമെന്ന നിർദ്ദേശമുണ്ടായത്. വോട്ടേഴ്‌സ് ഹെൽപ്പ്‌ലൈൻ ആപ്പിൽ ഓരോ ദിവസവും അപ്‌ഡേഷൻ വരുന്നതിനാൽ നിത്യേന അൺഇൻസ്റ്റാൾ ചെയ്യുകയും ഇൻസ്റ്റാൾ ചെയ്യുകയും വേണം.