കൊടുങ്ങല്ലൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളായി: അഞ്ചപ്പാലത്ത് ഇരുപത്തിരണ്ടുകാരിക്ക് കന്നിയങ്കം
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖാപിച്ചു. സി.പി.എം 24 സീറ്റിലും സി.പി.ഐ 22 സീറ്റിലും മത്സരിക്കും. സി.പി.എമ്മിൽ അഞ്ചപ്പാലം എസ്.സി ജനറൽ സീറ്റിൽ മത്സരിക്കുന്ന കെ.ആർ.ദേവിക (22) ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാകും.
നിലവിൽ കൗൺസിൽ അംഗമായ ലത ഉണ്ണിക്കൃഷ്ണന് മാത്രമാണ് സി.പി.എം മത്സരിക്കാൻ അവസരം നൽകിയത്. സി.പി.ഐ പുല്ലൂറ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കൗൺസിലറുമായ രതീഷിനും (ബാലു), അനിത ബാബുവിനും സീറ്റ് നൽകി. മുൻ കൗൺസിലർമാരായ പി.എൻ.രാമദാസ്, എം.കെ.സഹീർ, അഡ്വ.സി.പി.രമേശൻ, എം.എസ്.വിനയകുമാർ, റസോജ ഹരിദാസ്, പി.ജി.നൈജി എന്നിവർ മത്സരിക്കും. സി.പി.എം മുൻ ഏരിയ കമ്മിറ്റി അംഗമായ വി.കെ.ബാലചന്ദ്രൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് കെ.കെ.ഹാഷിക്, സി.പി.എം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റി അംഗം കെ.കെ.രാധാകൃഷ്ണൻ എന്നിവരും ലിസ്റ്റിലുണ്ട്. സി.പി.ഐ മുൻ കൗൺസിലർമാരായ കെ.എം.രതീഷ്, പി.ഒ.ദേവസി, ഹണി പീതാംബരൻ എന്നിവരെയും സി.പി.ഐ രംഗത്തിറക്കി. സി.പി.ഐ മേത്തല ഈസ്റ്റ് ലോക്കൽ സെക്രട്ടറിയായ പി.എ.ജോൺസനും അവസരം നൽകി.