സാരിയുടെ പേരിൽ തർക്കം വിവാഹത്തിന് മണിക്കൂറുകൾക്ക് വധുവിനെ കൊലപ്പെടുത്തി യുവാവ്
ഗാന്ധിനഗർ: മംഗള കർമ്മത്തിനുപകരം ദാരുണസംഭവത്തിനു സാക്ഷിയാകേണ്ടി വന്ന ഞെട്ടലിലാണ് ഗുജറാത്തിലെ ഭാവ്നഗറിലുള്ള ടെക്രി ചൗക്ക് എന്ന നാട്. സാരിയുടെ പേരിൽ തുടങ്ങിയ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. വിവാഹത്തിനു മണിക്കൂറുകൾക്കു മുമ്പ് പ്രതിശ്രുത വധുവിനെ കൊലപ്പെടുത്തിയത് വരൻ തന്നെ. സോണി ഹിമ്മത് റാത്തോഡാണ് (22) കൊല്ലപ്പെട്ടത്. വരൻ സാജൻ ബാരയ്യയെ (26) പൊലീസ് അറസ്റ്റ് ചെയ്തു.
ഒന്നര വർഷമായി ലിവ് ഇൻ പങ്കാളികളായിരുന്നു സാജനും സോണിയും. പിന്നീട് വിവാഹനിശ്ചയം നടന്നു. ശനിയാഴ്ചയാണ് വിവാഹം ഉറപ്പിച്ചത്. എന്നാൽ വിവാഹത്തിന് മണിക്കൂറുകൾക്കു മുമ്പ് വിവാഹസാരിയെയും പണത്തെയും ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. പ്രകോപിതനായ സാജൻ ഇരുമ്പ് പൈപ്പുകൊണ്ട് സോണിയുടെ തലയ്ക്കടിക്കുകയും തല ചുമരിൽ ഇടിക്കുകയും ചെയ്തു.
സോണി അപ്പോൾതന്നെ കൊല്ലപ്പെട്ടു. തുടർന്ന് വീടും സാധനങ്ങളും അടിച്ചുതകർത്ത സാജൻ സ്ഥലംവിട്ടു. നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി പുലർച്ചെ യുവതിയുടെ വീട്ടിലെത്തുകയായിരുന്നെന്നും ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച അയൽക്കാരിൽ ഒരാളുമായി സാജൻ തർക്കത്തിലേർപ്പെടുകയും ഇതിൽ ഇയാൾക്കെതിരെ പരാതി ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.