അയ്യപ്പനെ മൂന്നു ഭാവങ്ങളിൽ ഇവിടെ കാണാം, സ്ത്രീകൾക്ക് 18 പടികൾ ചവിട്ടി ദർശനം നടത്താവുന്ന ഏക ക്ഷേത്രവും ഇവിടെയുണ്ട്

Monday 17 November 2025 3:35 AM IST
കുളത്തൂപ്പുഴ ക്ഷേത്രം

പുനലൂർ: മണ്ഡലകാലത്തിന് ഇന്ന് തുടക്കമായിരിക്കുകയാണ്. ശബരിമലയിലേക്ക് ഇരുമുടിക്കെട്ടുമായി പോകുന്ന അയ്യപ്പഭക്തർക്ക് കൊല്ലം ജില്ലയിലെ മൂന്ന് പ്രധാന ശാസ്താക്ഷേത്രങ്ങളായ കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ എന്നിവിടങ്ങളിലെ ദർശനം പ്രധാനമാണ്. അയ്യപ്പന്റെ ജീവിതത്തിലെ മൂന്ന് അവസ്ഥകളെ (ബാല്യം, യൗവനം, ഗൃഹസ്ഥാശ്രമം) പ്രതിനിധീകരിക്കുന്ന ഐതിഹ്യമാണ് ഈ ക്ഷേത്രങ്ങൾക്കുള്ളത്.

മണ്ഡലപൂജയും, ആര്യങ്കാവിൽ തൃക്കല്യാണവും, അച്ചൻകോവിലിൽ രഥോത്സവവും ഒരേ ദിവസമാണ് നടക്കുന്നത് എന്നതും ഈ ക്ഷേത്രങ്ങളുടെ പ്രത്യേകതയാണ്.

ശിശുരൂപത്തിലുള്ള ശാസ്താവ്

ശബരിമല ദർശനത്തിന് പോകുന്ന ഒരയ്യപ്പനും ആദ്യം സന്ദർശിക്കുന്നത് ശാസ്താവിന്റെ ശിശുരൂപത്തിലുള്ള പ്രതിഷ്ഠയുള്ള കുളത്തൂപ്പുഴ ധർമ്മശാസ്ത്രാ ക്ഷേത്രമാണ്.

  • 'കുളന്തയുടെ ഊരിലെ പുഴ' എന്നതിൽ നിന്നാണ് കുളത്തൂപ്പുഴ എന്ന പേര് വന്നത്. കുളത്തൂപ്പുഴ ആറിനോട് ചേർന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

  • ആറ്റിലെ മത്സ്യങ്ങളെ തിരുമക്കൾ ആയിട്ടാണ് കണക്കാക്കുന്നത്. ത്വക്ക് രോഗശമനത്തിനായി ഇവിടെ മത്സ്യങ്ങൾക്ക് അരിയിട്ട് വാഴ്ച എന്ന ചടങ്ങ് നടത്താറുണ്ട്.

  • വെള്ളപ്പൊക്കത്തിൽ പോലും ക്ഷേത്രത്തിനോ സമീപത്തെ മത്സ്യകന്യക വിഗ്രഹത്തിനോ കേടുപാടുകൾ സംഭവിച്ചിട്ടില്ല. മനുഷ്യരുമായി ഇണങ്ങി കഴിയുന്ന കൂറ്റൻ മത്സ്യങ്ങൾ ഭക്തരിൽ നിന്ന് തീറ്റ സ്വീകരിക്കുന്നത് ഇവിടുത്തെ പ്രത്യേകതയാണ്.

  • ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര മേൽശാന്തിയുടെ നേതൃത്വത്തിൽ പായസം, വെള്ളച്ചോറ് എന്നിവ മീനുകൾക്ക് നൽകുന്ന മീനൂട്ട് ചടങ്ങ് നടക്കുന്നു.

  • കേരളത്തിലെ പൗരാണിക ക്ഷേത്രങ്ങളിൽ പ്രഥമസ്ഥാനമുള്ള കുളത്തൂപ്പുഴ ക്ഷേത്രത്തിലെ കവാടം ഇന്നും ഉയരം കുറഞ്ഞതാണ്.

തൃക്കല്യാണം, ഗൃഹസ്ഥാശ്രമഭാവം

അയ്യപ്പൻ ഗൃഹസ്ഥാശ്രമഭാവത്തിൽ കുടികൊള്ളുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് കൊല്ലം-തിരുമംഗലം ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ആര്യങ്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം.

  • വിവാഹത്തിനായി ചടങ്ങുകൾ അരങ്ങേറുന്ന ഇവിടുത്തെ പ്രധാന ഉത്സവം തൃക്കല്യാണമാണ്.

  • അവിവാഹിതനായ ശാസ്താവിനെക്കുറിച്ചാണ് പ്രചാരമെങ്കിലും വിവാഹത്തിനായി ഒരുങ്ങുന്ന ഭാവമാണ് ഇവിടെ. തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തരാണ് ഇവിടെ കൂടുതലായി എത്തുന്നത്.

  • മണ്ഡലപൂജ നടക്കുന്ന അതേ ദിവസം തന്നെ ആര്യങ്കാവിൽ തൃക്കല്യാണവും നടക്കുന്നു.

ആര്യങ്കാവ്

അച്ചൻകോവിൽ രഥോത്സവം

പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടിലാണ് അച്ചൻകോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

  • ശ്രീകോവിലിന് മുകളിൽ കുടുംബസമേതനായ ശാസ്താവിനെ കൊത്തിവെച്ചിട്ടുണ്ട്. ക്ഷേത്രകവാട ഗോപുരത്തിൽ അമ്പും വില്ലും ധരിച്ച് പുലിപ്പുറത്തേറിയ അയ്യപ്പന്റെ രൂപമുണ്ട്.

  • 10 നും 50 വയസിനുമിടയിലുള്ള സ്ത്രീകൾക്ക് 18 പടികൾ ചവിട്ടി ദർശനം നടത്താൻ സാധിക്കുന്ന ഏക ശാസ്താ ക്ഷേത്രമാണിത് എന്ന പ്രത്യേകത അച്ചൻകോവിലിനുണ്ട്.

  • അച്ചൻകോവിൽ ക്ഷേത്രോത്സവത്തിലെ പ്രധാന ചടങ്ങ് 9-ാം ദിവസം നടക്കുന്ന രഥോത്സവമാണ്. പാലക്കാട് കൽപ്പാത്തി രഥോത്സവം കഴിഞ്ഞാൽ കേരളത്തിൽ രഥോത്സവം നടക്കുന്ന പ്രധാന ക്ഷേത്രമാണ് ഇത്.

അച്ചൻകോവിൽ