അഭയാർത്ഥികളെ നിയന്ത്രിക്കാൻ യു.കെ

Monday 17 November 2025 7:14 AM IST

ലണ്ടൻ: അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി ലഭിക്കണമെങ്കിൽ ഇനി മുതൽ 20 വർഷം കാത്തിരിക്കണം (നിലവിൽ 5 വർഷം). അഭയാർത്ഥി പദവി ലഭിക്കുന്നവർക്ക് താത്കാലിക താമസത്തിന് മാത്രം അനുമതി നൽകും.

എല്ലാ രണ്ടര വർഷം കൂടുമ്പോഴും സർക്കാർ ഈ അനുമതി പുനഃപരിശോധിക്കും. അഭയാർത്ഥി പദവി ലഭിച്ചവരുടെ ഭാഗത്ത് ഏതെങ്കിലും തരത്തിലെ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ അവരെ നാടുകടത്തും. സ്വന്തം രാജ്യം സുരക്ഷിതമാണെങ്കിൽ ഇവർ മടങ്ങിപ്പോകേണ്ടി വരും. വിശദമായ നിർദ്ദേശങ്ങൾ ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് ഇന്ന് പ്രഖ്യാപിക്കും.

ഇംഗ്ലീഷ് ചാനൽ വഴി ചെറുബോട്ടുകളിൽ രാജ്യത്തെത്തുന്നവർ അഭയാർത്ഥി പദവി നേടാൻ ശ്രമിക്കുന്നതിനെതിരെ യു.കെയിൽ പ്രതിഷേധം ശക്തമാണ്. സമീപ കാലത്ത് ഈ പ്രവണതയിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഡെൻമാർക്ക് പോലുള്ള യൂറോപ്യൻ രാജ്യങ്ങളിൽ അഭയാർത്ഥികൾക്കായുള്ള കർശന നിയന്ത്രണങ്ങൾ മാതൃകയാക്കാനാണ് യു.കെയുടെ നീക്കം. അതേ സമയം, നടപടികൾക്കെതിരെ ഏതാനും അവകാശ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.