ഗ്രൂമിംഗ് സെഷൻ പാളി : തണുത്ത് മരവിച്ച അൽപാകയ്ക്ക് ദാരുണാന്ത്യം

Monday 17 November 2025 7:14 AM IST

ബീജിംഗ്: ചൈനയിൽ ഗ്രൂമിംഗ് സെഷനിടെ തണുത്ത് മരവിച്ച് വളർത്തു അൽപാകയ്ക്ക് ദാരുണാന്ത്യം. ഗ്വാങ്ങ്ഷൂ പ്രവിശ്യയിലാണ് സംഭവം. മാവോ മാവോ എന്ന അൽപാകയെ കുളിപ്പിച്ച്,​ രോമങ്ങൾ വെട്ടിയൊതുക്കി വൃത്തിയാക്കാനായാണ് ഉടമ ലീ ഗ്രൂമിംഗ് ഷോപ്പിൽ എത്തിച്ചത്. സമയം വേണ്ട പ്രക്രിയ ആയതിനാൽ അൽപാകയെ ഷോപ്പിലെ ജീവനക്കാരെ ഏൽപ്പിച്ച് ലീ വീട്ടിലേക്ക് മടങ്ങി.

അൽപാകയെ കുളിപ്പിച്ച ഷോപ്പ് ജീവനക്കാർ,​ അതിനെ നന്നായി ഉണക്കാൻ മറന്നു. രാത്രി മുഴുവൻ തണുത്ത് വിറങ്ങലിച്ചു കഴിഞ്ഞ അൽപാക രാവിലെ ചത്തുപോയി. ഷോപ്പ് ജീവനക്കാർ വിളിച്ച് വിവരം അറിയിച്ചതോടെ ലീ ആകെ തളർന്നു. മാവോയെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ലീ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നതാണ്. 10,​000 യുവാൻ ഫീസും നൽകിയിരുന്നു.

മാപ്പുപറഞ്ഞ ഷോപ്പ് ഉടമ നഷ്ടപരിഹാരം നൽകാമെന്ന് അറിയിച്ചെങ്കിലും ലീ നിരസിച്ചു. അതിനിടെ ജീവനക്കാരിൽ ഒരാൾ തന്നെ നേരിട്ട് കണ്ട് കൂടുതൽ പണം ആവശ്യപ്പെട്ടെന്നും ലീ പറഞ്ഞു. സംഭവം വിവാദമായതോടെ മൃഗസ്നേഹികൾ പ്രതിഷേധവുമായി രംഗത്തെത്തി. ലീയുമായി ഒത്തുതീർപ്പിലെത്താനുള്ള ശ്രമത്തിലാണ് ഷോപ്പിന്റെ ഉടമ. ഒട്ടകങ്ങൾ ഉൾപ്പെടെയുള്ള കാമെലിഡ് വർഗത്തിലെ അംഗമാണ് അൽപാക.