മാർജൊറിയുമായി ഏറ്റുമുട്ടി ട്രംപ്
വാഷിംഗ്ടൺ: തന്റെ അടുത്ത അനുയായിയും ജോർജിയയിൽ നിന്നുള്ള ജനപ്രതിനിധി സഭാംഗവുമായ മാർജൊറി ടെയ്‌ലർ ഗ്രീനുമായി ഏറ്റുമുട്ടി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രായപൂർത്തിയാവാത്ത നിരവധി പെൺകുട്ടികളെയടക്കം ലൈംഗിക പീഡനത്തിന് ഇരയാക്കിയ വിവാദ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സർക്കാർ പുറത്തുവിടണമെന്ന ആവശ്യം മാർജൊറി സജീവമാക്കിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ട്രംപും എപ്സ്റ്റീനും തമ്മിൽ 1980കൾ മുതൽ 15 വർഷം നീണ്ട സൗഹൃദമുണ്ടായിരുന്നെന്ന് കരുതുന്നു.
വിരുന്നുകളിലും മറ്റും ഇരുവരും ഒരുമിച്ച് സന്നിഹിതരായിരുന്നു. ട്രംപ് -എപ്‌സ്റ്റീൻ ബന്ധം ഡെമോക്രാറ്റിക് പാർട്ടി ആയുധമാക്കുന്നതിനിടെയാണ് വിഷയത്തിൽ വ്യക്തത വരുത്താൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് എല്ലാ ഫയലുകളും പുറത്തുവിടണമെന്ന് മാർജൊറി ആവശ്യപ്പെട്ടത്. ജനപ്രതിനിധി സഭയും ഫയലുകൾ പുറത്തുവിടുന്നതിന് അനുകൂലമാണ്. അതേ സമയം, ഫയലുകൾ പുറത്തെത്താതിരിക്കാൻ ട്രംപ് ശ്രമിച്ചെന്ന് ആരോപണമുണ്ട്.
എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട വിവാദം തട്ടിപ്പാണെന്നും ട്രംപ് പറയുന്നു. മാർജൊറിക്ക് ഭ്രാന്താണെന്നും റിപ്പബ്ലിക്കൻ പാർട്ടിക്ക് അവർ അപമാനമാണെന്നും ട്രംപ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചിരുന്നു. മാർജൊറിക്കുള്ള പിന്തുണയും പിൻവലിച്ചു. ട്രംപിന്റെ പരാമർശം ജനങ്ങളെ തനിക്ക് എതിരാക്കുന്നതാണെന്നും തന്റെ ജീവന് ഭീഷണി സൃഷ്ടിക്കുമെന്നും മാർജൊറി പ്രതികരിച്ചു. വിദേശ തൊഴിലാളികളെ ജോലിക്കെടുക്കാൻ അമേരിക്കൻ കമ്പനികളെ അനുവദിക്കുന്ന എച്ച് - 1 ബി വിസ നിറുത്തലാക്കണമെന്ന് തീവ്ര വലതുപക്ഷ നേതാവായ മാർജൊറി അടുത്തിടെ ആവശ്യപ്പെട്ടത് പാർട്ടിക്കുള്ളിൽ തലവേദന സൃഷ്ടിച്ചിരുന്നു.