ലഗേജ് എടുക്കാൻ സഹായിച്ച് വിശ്വാസം പിടിച്ചുപറ്റും, യാത്ര എസി കോച്ചുകളിലടക്കം, ട്രെയിൻ യാത്രയിൽ ഇവരെ സൂക്ഷിക്കണം
കോഴിക്കോട്: ട്രെയിനുകളിൽ മോഷണം നടത്തുന്ന ഹരിയാന സംഘം കേരളത്തിലും സജീവമാകുന്നതായി സൂചന. കഴിഞ്ഞ ദിവസം ട്രെയിനിൽ വച്ച് കൊയിലാണ്ടി സ്വദേശികളായ അബ്ദുൾ നാസർ ഷെഹർബാനു ദമ്പതികളിൽ നിന്ന് 50 ലക്ഷം വിലമതിപ്പുളള സ്വർണം, ഡയമണ്ട് ആഭരണങ്ങൾ കവർന്നത് ഈ സംഘാംഗങ്ങളാണ്.
ഇവരെ ചോദ്യം ചെയ്ത് മറ്റ് സംഘാംഗങ്ങളെ പിടികൂടാനാണ് പൊലീസ് നീക്കം. ഹരിയാന ഹിസാർ ജില്ലക്കാരായ രാജേഷ് (42), മനോജ് 36), ദിൽബാഗ് (62), ജിതേന്ദർ (44) എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടു പേർ രക്ഷപ്പെട്ടെന്നാണ് വിവരം.
റെയിൽവേ പൊലീസിന്റെ അന്വേഷണത്തിൽ സംസ്ഥാനത്ത് പലയിടത്തും സമാന രീതിയിലുള്ള മോഷണം നടന്നിട്ടുണ്ടെന്നാണ് വിവരം. ഇതേപ്പറ്റി കൂടുതലറിയാൻ പിടിയിലായവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കോഴിക്കോട് ഒന്നാം ക്ളാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവർ റിമാൻഡിലാണ്. സംഘത്തിലെ രാജേഷ് ഹരിയാന പൊലീസ് പിരിച്ചുവിട്ടയാളാണ്.
ട്രെയിൻ യാത്രക്കാരുടെ ലഗേജ് എടുക്കാനും മറ്റും സഹായിക്കാനെന്ന വ്യാജേനയാണ് സംഘം മോഷണം നടത്തുന്നത്. ഇതിനായി ട്രെയിൻ ഇറങ്ങുന്നിടത്ത് മാർഗ തടസമുണ്ടാക്കും. ഇവർ എ.സി കോച്ചുകളിലുൾപ്പെടെ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നു. കൊയിലാണ്ടിയിൽ ഇറങ്ങുന്ന സമയത്താണ് സംഘം അബ്ദുൾ നാസറിന്റെ വലിയ പെട്ടിക്കകത്ത് സൂക്ഷിച്ചിരുന്ന സ്വർണം നിമിഷനേരം കൊണ്ട് കവർന്നത്. ഇതിനായി ചവണ പോലുള്ള പ്രത്യേക ഉപകരണവും കൈവശമുണ്ടാകും. ട്രെയിനിറങ്ങാൻ നിൽക്കുന്നതിനിടെ സംഘത്തെ പലരും ശ്രദ്ധിക്കില്ല.
മോഷണത്തിൽ വൈദഗ്ദ്ധ്യം
സ്ഥിരമായി ട്രെയിനുകളിൽ മോഷണം നടത്തുന്ന ഇവർ മോഷണത്തിൽ പ്രത്യേകം വൈദഗ്ദ്ധ്യം ലഭിച്ചവരാണ്. യാത്രക്കാരെ കണ്ടും അവരുടെ ലഗേജ് നാേക്കിയും വിലപിടിപ്പുള്ള വസ്തുക്കളുണ്ടോ എന്ന് തിരിച്ചറിയും. ഷർട്ടിന്റെയും മറ്റും അടിയിൽ രഹസ്യ അറകളുമുണ്ടാകും. മോഷ്ടിക്കുന്ന വസ്തുക്കൾ സുരക്ഷിതമായി ഇതിൽ സൂക്ഷിക്കാം.