ബീഹാറിൽ എൻഡിഎയുടെ നിർണായക നീക്കം; തേജ് പ്രതാപ് യാദവിനെ ക്യാമ്പിലെത്തിക്കാൻ ശ്രമം

Monday 17 November 2025 10:18 AM IST

പാറ്റ്ന: ആർജെഡിയിൽ നിന്ന് ലാലു പ്രസാദ് യാദവ് പുറത്താക്കിയ മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ തങ്ങളുടെ ചേരിയിൽ എത്തിക്കാൻ എൻഡിഎ ശ്രമം തുടങ്ങി. ഇന്നലെ രാത്രി എൻഡിഎ നേതാക്കൾ തേജ് പ്രതാപ് യാദവിനെ കണ്ടെന്നാണ് വിവരം. തിരഞ്ഞെടുപ്പിന് മുമ്പ് അച്ഛൻ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ശേഷം സ്വന്തം രാഷ്ട്രീയ കക്ഷിയുണ്ടാക്കി തേജ് പ്രതാപ് തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നു. എന്നാൽ മത്സരിച്ച എല്ലാ സീറ്റുകളിലും അദ്ദേഹത്തിന്റെ കക്ഷി പരാജയപ്പെട്ടിരുന്നു.

യുവതിയുമൊത്തുള്ള വീഡിയോ പുറത്തുവന്ന സാഹചര്യത്തിലാണ് മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും ലാലു പ്രസാദ് യാദവ് ആറ് വർഷത്തേക്ക് പുറത്താക്കിയത്. പൊതു ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഉത്തരവാദിത്തമില്ലാതെ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് തന്റെ മകനെതിരെ ലാലു പ്രസാദ് നടപടി പ്രഖ്യാപിച്ചത്. ഇതോടെയാണ് ജനശക്തി ജനതാദൾ എന്ന പാർട്ടിയുണ്ടാക്കി തേജ് പ്രതാപ് യാദവ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയത്. എന്നാൽ മത്സരിച്ച എല്ലാ സീറ്റിലും പരാജയപ്പെട്ടു.

തേജ് പ്രതാപ് മത്സരിച്ചതോടെ ആർജെഡി വോട്ടുകളിൽ വലിയ വിള്ളലുകളാണ് ഉണ്ടായത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ നിന്ന് 25 സീറ്റുകളിലേക്ക് മാത്രം ഒതുങ്ങിയ ആർജെഡിക്ക് കനത്ത തിരിച്ചടിയാണ് സംസ്ഥാനത്ത് നേരിട്ടത്.