പ്രമുഖ ബ്രാൻഡ് നെയ്യുടെ വ്യാജ പതിപ്പിറക്കി; മൃഗക്കൊഴുപ്പ് ചേർത്തുവെന്ന് സംശയം

Monday 17 November 2025 11:11 AM IST

ബംഗളൂരു: കർണാടക കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌‌സ് ഫെഡറേഷന്റെ (കെഎംഎഫ്) 'നന്ദിനി' നെയ്യ് എന്ന പേരിൽ വ്യാജ നെയ്യ് വിറ്റ റാക്കറ്റിനെ പിടികൂടി പൊലീസ്. തമിഴ്‌നാട്ടിൽ തയ്യാറാക്കുന്ന യഥാർത്ഥ നന്ദിനി നെയ്യ് ബംഗളൂരുവിലാണ് വിറ്റിരുന്നത്. ദക്ഷിണേന്ത്യയിൽ ഏറ്റവും പ്രമുഖമായ ബ്രാൻഡുകളിലൊന്നാണിത്. നന്ദിനിയുടെ വ്യാജ പതിപ്പിറക്കിയ അന്തർസംസ്ഥാന റാക്കറ്റിലെ അംഗങ്ങളായ നാലുപേരാണ് പിടിയിലായത്.

സംശയാസ്‌പദമായ വിൽപനയാണ് റാക്കറ്റിനെ പിടികൂടുന്നതിലേയ്ക്ക് നയിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ച് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സ്‌‌ക്വാഡും കെഎംഎഫ് വിജിലൻസ് വിംഗും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ബംഗളൂരുവിലെ ചാമരാ‌ജ്‌പേട്ടിലെ നഞ്ചംബ അഗ്രഹാരത്തിലുള്ള കൃഷ്ണ എന്റർപ്രൈസ് ആണ് നന്ദിനി നെയ്യുടെ വ്യാജ പതിപ്പിറക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൃഷ്ണ എന്റർപ്രൈസിന്റെ ഗോഡൗണുകൾ, കടകൾ, വാഹനങ്ങൾ എന്നിവ അന്വേഷണ സംഘം പരിശോധിച്ചു. നന്ദിനി നെയ്യുടെ ബോട്ടിലുകളിലും ചെറിയ പാക്കറ്റുകളിലുമായി തമിഴ്നാട്ടിൽ നിന്ന് നെയ്യ് എത്തിച്ച വാഹനം പരിശോധനയ്ക്കിടെ പിടികൂടി. വിലകുറഞ്ഞ പാം ഓയിലും വെളിച്ചെണ്ണയും റെയ്‌ഡിൽ പിടിച്ചെടുത്തു. മൃഗക്കൊഴുപ്പ് ചേർത്താണോ വ്യാജ നെയ്യ് തയ്യാറാക്കിയതെന്ന് കണ്ടെത്തുന്നതിനായി സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.

റെയ്‌ഡിൽ 1.26 കോടി മൂല്യമുള്ള വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. 56.95 ലക്ഷം രൂപ മൂല്യമുള്ള 8,136 ലിറ്റർ വ്യാജ നെയ്യ്, ഇത് തയ്യാറാക്കാൻ ആവശ്യമായ ഉപകരണങ്ങൾ, അഞ്ച് മൊബൈൽ ഫോണുകൾ, 1.19 ലക്ഷം രൂപ, 60 ലക്ഷം രൂപയുടെ വാഹനങ്ങൾ എന്നിവയും റെയ്‌ഡിൽ പിടികൂടി.