200 കിലോമീറ്റർ ഓടാൻ വെറും 20 രൂപ, വിലയാണ് ഞെട്ടിക്കുന്നത്; ക്രൂയിസർ ബൈക്കുമായി ഇന്ത്യൻ കമ്പനി
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപനയിൽ വലിയ കുതിച്ചുചാട്ടമാണുണ്ടായിരിക്കുന്നത്. കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം സഞ്ചരിക്കാമെന്നതാണ് ഇലക്ടിക് വാഹനങ്ങളുടെ പ്രത്യേകത. ഇപ്പോഴിതാ അത്തരത്തിലൊരു ഇലക്ട്രിക്ക് മോട്ടോർ സൈക്കിളാണ് രാജ്യത്ത് തരംഗമാകുന്നത്. സ്റ്റാർട്ടപ്പ് കമ്പനിയായ കൊമാകിയാണ് ഇപ്പോൾ പുതിയ ഇലക്ട്രിക്ക് വാഹനങ്ങളുമായി വിപണിയിൽ എത്തിയിരിക്കുന്നത്. ഒലയും ഏഥറും കടന്നുവരുന്നതിന് മുമ്പ് ഇന്ത്യൻ വിപണിയിലേക്കെത്തിയ കോമാകിയുടെ പുത്തൻ ഇലക്ട്രിക്ക് ബൈക്കിന്റെ വിശേഷങ്ങൾ അറിയാം.
കൊമാക്കി എംഎക്സ് പ്രോ എന്ന പേരിലാണ് പുതിയ വാഹനം കമ്പനി പുറത്തിറക്കിയിരിക്കുന്നത്. മികച്ച റോഡ് പ്രസൻസ്, കുറഞ്ഞ പ്രവർത്തനച്ചെലവ് എന്നിവ ആഗ്രഹിക്കുന്ന റൈഡർമാരെ ലക്ഷ്യമിട്ടുള്ള ഒരു ഇലക്ട്രിക് ക്രൂയിസർ ബൈക്കാണിത്. ഡ്യൂവൽ ടോൺ ജെറ്റ് ബ്ലാക്ക് എന്നീ കളർടോണുകൾ ഉൾപ്പടെ രണ്ട് കളർ ഓപ്ഷനിലാണ് പുതിയ മോഡൽ പുറത്തിറക്കുന്നത്. ദീർഘകാലത്തേക്ക് ഈട് നിൽക്കുന്നതിനായി ഒരു മെറ്റൽ ബോഡിയിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്.
മികച്ച സീറ്റ്, കുറഞ്ഞ വൈബ്രേഷൻ എന്നിവ വാഹനത്തിന് മികച്ച സ്റ്റെബിലിറ്റിയാണ് നൽകാൻ കഴിയുന്നത്. 5 kw bldc ഹബ് മോട്ടോറും 4.5 kwh ബാറ്ററിയും ഉൾപ്പെടുത്തിയ ഈ ബൈക്ക് സിംഗിൾ ചാർജിൽ 160 കിലോ മീറ്റർ മുതൽ 220 കിലോ മീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒരു പെട്രോൾ വാഹനത്തിൽ ഈ ദൂരം സഞ്ചരിക്കാൻ 700 രൂപയോളം ആവശ്യമുള്ളപ്പോൾ കൊമാക്കി ഇലക്ട്രിക് ബൈക്കിൽ 15 മുതൽ 20 രൂപ വരെയാണ് ചെലവ് വരിക. ഇത് സാധാരണക്കാരെ സംബന്ധിച്ച് വളരെ കുറഞ്ഞ തുകയാണ്.
ബൈക്കിന്റെ മോട്ടോറിന് പരമാവധി 6.7 ബിഎച്ച്പി കരുത്ത് വരെ ഉത്പാദിപ്പിക്കാൻ സാധിക്കും. കമ്പനി പുറത്തുവിട്ട വിവരം അനുസരിച്ച് 1,69,999 രൂപയാണ് എക്സ്‌ഷോറൂം വില വരുന്നത്.