'സിനിമയിലേത് പോലെയല്ല ജീവിതത്തിൽ, പുറംലോകവുമായി ബന്ധമില്ല, വിവാഹത്തോടെ വല്ലാതെ ഉൾവലിഞ്ഞു'
മലയാള സിനിമയിൽ ആരാധകരുടെ ആക്ഷൻ ഫീറോയിനായി മാറിയ നടിയാണ് വാണി വിശ്വനാഥ്. മുൻനിര നടൻമാരോടൊപ്പം ആക്ഷൻ രംഗങ്ങൾ അഭിനയിച്ച് തകർത്ത താരത്തിന്റെ സിനിമാ യാത്രയും മറ്റുനടിമാരുമായി താരതമ്യം ചെയ്യുമ്പോൾ വ്യത്യസ്തമാണ്. നടൻ ബാബുരാജാണ് വാണി വിശ്വനാഥിന്റെ ഭർത്താവ്. വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോൾ അഭിനയരംഗത്ത് സജീവമായിരിക്കുകയാണ്. വാണി വിശ്വനാഥ് തന്റെ കുടുംബജീവിതത്തെക്കുറിച്ച് ഒരു യൂട്യൂബ് ചാനലിനോട് തുറന്നുപറഞ്ഞിരിക്കുകയാണ്.
വിവാഹശേഷം വാണിക്ക് വന്ന മാറ്റങ്ങളെക്കുറിച്ച് നടി പൊന്നമ്മ ബാബു അതേ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിനുളള മറുപടിയാണ് താരം പങ്കുവച്ചിരിക്കുന്നത്. 'സിനിമയിലെ വാണി വിശ്വനാഥിനും ജീവിതത്തിലെ വാണി വിശ്വനാഥിനും തമ്മിൽ യാതൊരു ബന്ധവുമില്ല. പ്രതികരണശേഷിയുണ്ട്. ജീവിതത്തിൽ ബോൾഡാണ്. ചെറുപ്പത്തിൽ എംജിആറിന്റെയും രജനികാന്തിന്റെയും ചിത്രങ്ങളാണ് അച്ഛൻ കാണിച്ചു തന്നിട്ടുളളത്. അതൊക്കെ കണ്ടാണ് ഒരു ഹീറോ ആകണമെന്ന് ഞാൻ ആഗ്രഹിച്ചത്. മണിച്ചിത്രത്താഴിൽ ശോഭനയുടെ കഥാപാത്രം ചെയ്യാനല്ല ഞാൻ ആഗ്രഹിച്ചത്. ലാലേട്ടന്റെ കഥാപാത്രം ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം.
ലാലേട്ടനെയും മമ്മൂക്കയുടെയും ഒപ്പം അഭിനയിക്കുമ്പോഴാണ് ഞാൻ കൂടുതലും പേടിച്ചിട്ടുളളത്. അതുകൊണ്ട് തന്നെ ഒരു നായികയും എനിക്ക് വെല്ലുവിളിയായിട്ടില്ല. നായകൻമാരാണ് എനിക്ക് വെല്ലുവിളിയായി വന്നിട്ടുളളത്. ഞാൻ ലാലേട്ടനും മമ്മൂക്കയുമൊക്കെ അഭിനയിക്കുന്നതാണ് കൂടുതൽ ശ്രദ്ധിക്കുക. മമ്മൂക്കയുടെ കൂടെ കിംഗ് എന്ന സിനിമയൊക്കെ ചെയ്യുമ്പോൾ ഞാൻ മാറി നിന്ന് അദ്ദേഹത്തെ ശ്രദ്ധിക്കും. കാരണം എന്റെ ഫേവറെെറ്റ്സ് അവരാണ്.
സിനിമകളിൽ അഭിനയിക്കുന്ന കാലത്ത് തിരക്കിലായിരുന്നു. അപ്പോഴും പുറംലോകവുമായി അധികം ബന്ധമില്ല. എന്തെങ്കിലും പരിപാടികൾക്ക് പോകും. അല്ലാതെ ഒറ്റയ്ക്ക് ലാവിഷായി പോകുന്നത് കുറവായിരുന്നു. ഇപ്പോൾ തീരെയില്ല. വിവാഹത്തോടെ വല്ലാതെ ഉൾവലിഞ്ഞു. ഇൻസ്റ്റഗ്രാമും ഫേസ്ബുക്കുമില്ലാത്ത ആദ്യത്തെ നടിയായിരിക്കും ഞാൻ. പുറംലോകം കാണാറില്ല'- വാണി വിശ്വനാഥ് പറഞ്ഞു.