ഇനി പൈസയും പോകില്ല വയറും കേടാകില്ല; സമൂസ കേടായതാണോയെന്ന് ഒറ്റനോട്ടത്തിൽ മനസിലാക്കാം
ഉത്തരേന്ത്യൻ വിഭവമാണെങ്കിലും മലയാളികൾക്കും ഏറെ പ്രിയപ്പെട്ട പലഹാരമാണ് സമൂസ. ചായയോടൊപ്പം മികച്ച കോംബിനേഷനാണിത്. ക്യാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, സവാള, ബീറ്റ്‌റൂട്ട് തുടങ്ങിയ പച്ചക്കറികൾ ഉള്ളിൽ നിറയ്ക്കുന്നതിനാൽ സമൂസ മിതമായ അളവിൽ കഴിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. ചിക്കൻ സമൂസയും കടകളിൽ ലഭ്യമാണ്. എന്നാൽ കണ്ണാടിക്കൂട്ടിലിരിക്കുന്ന സമൂസയുടെ കാലാവധി എത്രയാണെന്ന് പലരും ചിന്തിക്കാറില്ല. കൃത്യമായി അറിഞ്ഞില്ലെങ്കിൽ ഭക്ഷ്യവിഷബാധയടക്കം ഏൽക്കാനിടയുണ്ട്.
സാധാരണ താപനിലയിൽ (റൂം ടെമ്പറേച്ചർ) സൂക്ഷിച്ചാൽ നാല് മണിക്കൂർ വരെ സമൂസ കേടാകാതെയിരിക്കും. എന്നാൽ ഈർപ്പമുള്ള സാഹചര്യത്തിൽ സൂക്ഷിക്കുകയാണെങ്കിൽ ബാക്‌ടീരിയയുടെ ആക്രമണമുണ്ടാകാനിടയുണ്ട്. വായുകടക്കാത്ത പാത്രത്തിൽ ഫ്രിഡ്‌ജിൽ സൂക്ഷിക്കുകയാണെങ്കിൽ രണ്ടുദിവസം വരെ സമൂസ കേടാകാതെയിരിക്കും.
സമൂസയ്ക്ക് സാധാരണ ഗന്ധത്തിനപ്പുറം പുളിച്ച ഗന്ധമാണുള്ളതെങ്കിൽ അത് കേടായെന്ന് മനസിലാക്കാം. സമൂസയുടെ പുറം ഭാഗം കട്ടിയുള്ളതായിരിക്കും. എന്നാലിത് മൃദുലമാവുകയോ ഒട്ടിപ്പിടിക്കുകയോ ചെയ്താൽ കേടായി തുടങ്ങിയെന്ന് തിരിച്ചറിയാം. മാത്രമല്ല കാലാവധി കഴിഞ്ഞതാണെങ്കിൽ ആകൃതിയിലും വ്യത്യാസമുണ്ടാവും. നിറം മങ്ങിയതായി തോന്നിയാലും സമൂഹ കഴിക്കാതിരിക്കുക.