'എന്റെ ഭാര്യയുടെ ലഗേജിൽ ഒരു സാധനമുണ്ട്'; യുവാവിന്റെ ഒറ്റവാക്കിൽ വിമാനത്തിന് അടിയന്തര ലാൻഡിംഗ്, യാത്രക്കാർ മുൾമുനയിൽ
ന്യൂയോർക്ക്: ഭാര്യയുടെ ലഗേജിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ പറഞ്ഞിന് പിന്നാലെ യുണൈറ്റഡ് എയർലൈൻസിന്റെ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. ഡാളസിൽ നിന്ന് ചിക്കാഗോയിലെ ഒ'ഹെയർ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് പറന്ന വിമാനമാണ് മിസോറിയിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്.
ഇന്നലെ രാവിലെ 8.40ഓടെയായിരുന്നു സംഭവം. യാത്രക്കാരൻ ബോംബുണ്ടെന്ന് പറഞ്ഞതോടെ ജീവനക്കാരും മറ്റ് യാത്രക്കാരും പരിഭ്രാന്തരായി. ഉടൻതന്നെ വിമാനം സെന്റ് ലൂയിസ് ലാംബർട്ട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡുൾപ്പെടെ എത്തി യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു.
എന്നാൽ, പിന്നീട് നടത്തിയ പരിശേധനയിൽ ബോംബ് കണ്ടെത്താനായില്ല. ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരനെ ചോദ്യം ചെയ്യുകയും ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്‌തു. ഉച്ചയ്‌ക്ക് ശേഷം പറന്നുയർന്ന വിമാനം ഷിക്കാഗോയിൽ സുരക്ഷിതമായി ലാൻഡ് ചെയ്‌തുവെന്ന് യുണൈറ്റഡ് എയർലൈൻസ് അറിയിച്ചു.