മൂക്കൻപെട്ടി കോസ്‌വേയിൽ അപകടഭീഷണി ... കൈവരികളില്ല, കൈവിട്ട യാത്ര
മുണ്ടക്കയം : ദിവസവും കടന്നുപോകുന്നത് നൂറുകണക്കിന് വാഹനങ്ങൾ. സുരക്ഷയോ ഇല്ല, ഒപ്പം അശ്രദ്ധ കൂടിയായാൽ എന്താകും അവസ്ഥ. മൂക്കൻപെട്ടി കോസ്‌വേയിൽ അപകടം തുറിച്ചുനോക്കുകയാണ്. കൈവരികളില്ലാത്ത ഇതുവഴി കൈവിട്ട യാത്രയെന്ന് പറയാം. വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ കോസ്‌വേയിൽ വെള്ളംകയറി ഗതാഗതം തടസ്സപ്പെടുന്നത് പതിവാണ്. ഇതുമൂലം വെള്ളപ്പൊക്ക സമയത്ത് എടുത്തുമാറ്റാവുന്ന വിധമുള്ള താത്ക്കാലിക കൈവരികളാണ് സ്ഥാപിച്ചിരുന്നത്. സമീപകാലത്ത് മഴ കനത്തപ്പോൾ ഊരിമാറ്റിയ കൈവരികൾ ഇനിയും പുന:സ്ഥാപിച്ചിട്ടില്ല. എരുമേലിയുടെ കിഴക്കൻ മേഖലയിലുള്ളവരുടെ പ്രധാന ഗതാഗതമാർഗമാണ് കോസ്‌വേ. അഴുതയാറിന് കുറുകെ കണമല നിവാസികൾ അക്കരെയിക്കരെ എത്തുന്നത് കോസ് വേയിലൂടെയാണ്. ബസുകളും കാറുകളും ഉൾപ്പെടെ കോസ് വേയിലൂടെ കടന്നുപോകുന്നുണ്ട്.
കണ്ണൊന്ന് തെറ്റിയാൽ ആറ്റിൽ ശബരിമല സീസൺ ആരംഭിച്ചതോടെ വാഹനത്തിരക്കേറി. കണ്ണൊന്നു തെറ്റിയാൽ വാഹനങ്ങൾ ആറ്റിൽ പതിക്കും. എന്നതാണ് അവസ്ഥ. റോഡിന്റെ വശങ്ങൾ നിറയെ മൺകൂനകളും, കുഴികളുമാണ്. എരുത്വാപ്പുഴ മുതൽ കാളകെട്ടി വരെയുള്ള റോഡിന്റെ ഇറുവശവും പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി വാട്ടർ അതോറിട്ടി കുഴിച്ചിട്ട നിലയിലാണ്. അട്ടിവളവ് ഭാഗം പൂർണ്ണമായും ശോച്യാവസ്ഥയിലാണ്. വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വെളിച്ചക്കുറവും അപകടത്തിന്റെ ആഘാതം വർദ്ധിപ്പിക്കുന്നു. റോഡ് പരിചയമില്ലാതെ എത്തുന്ന അന്യസംസ്ഥാന വാഹനങ്ങൾ ഉൾപ്പെടെയാണ് അപകടത്തിൽപ്പെടുന്നതിലേറെയും. അയ്യപ്പഭക്തർ ഇവിടെ കുളിക്കാനുമിറങ്ങാറുണ്ട്.
പുതിയപാലം പ്രഖ്യാപനത്തിൽ
മൂക്കൻപെട്ടി, മൂലക്കയം, എഴുകുമൺ നിവാസികളുടെ പ്രധാന ആശ്രയമാണ് കോസ്‌വേ. പുതിയപാലം നിർമ്മിക്കാൻ അനുമതിയായെന്ന് പലകുറി അധികൃതർ പറഞ്ഞെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.
''മൺകൂനകൾ നിറഞ്ഞതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാനും കാൽനടയാത്രികരും ഒരുപോലെ ബുദ്ധിമുട്ടുകയാണ്. റോഡിന്റെ ശോച്യാവസ്ഥയും കൈവരിയുടെ ശോച്യാവസ്ഥയും പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം.
-പ്രദേശവാസികൾ