ആലുവയിൽ 25 കിലോ കഞ്ചാവുമായി 4 അന്യസംസ്ഥാനക്കാർ പിടിയിൽ
ആലുവ: വില്പനയ്ക്കായി കൊണ്ടുവന്ന 25 കിലോ കഞ്ചാവുമായി നാല് അന്യസംസ്ഥാന തൊഴിലാളികളെ ആലുവയിൽ പിടികൂടി. ഒഡീഷ സുരധ സ്വദേശികളായ ക്രിഷ്ണ നായക് (20), രാജ നായക് (25), സഞ്ജീബ് നായക് (20), കണ്ടമാൽ സ്വദേശി നന്ദമാലിക് (35) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരിവിരുദ്ധസ്ക്വാഡും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ആലുവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയശേഷം കാൽനടയായി സ്വകാര്യ ബസ്‌സ്റ്റാൻഡ് പരിസരത്തേക്ക് പോകുകയായിരുന്നു ഇവർ. ഒഡീഷയിൽനിന്നാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. ഷോൾഡർബാഗിൽ പ്രത്യേകപായ്ക്കറ്റിൽ പൊതിഞ്ഞായിരുന്നു സൂക്ഷിച്ചിരുന്നത്. കിലോയ്ക്ക് 3,000രൂപാനിരക്കിൽ വാങ്ങി പത്തിരട്ടിയിലേറെ രൂപയ്ക്കാണ് വില്പന.
ഇതിനു മുമ്പും ഇവർ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് സൂചന. പൊലീസ് അന്വേഷണം തുടങ്ങി. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ജെ. ഉമേഷ്‌കുമാർ, ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ ജി.പി. മനുരാജ്, സബ് ഇൻസ്പെക്ടർമാരായ കെ. നന്ദകുമാർ, എൽദോ പോൾ, ആർ. ബിൻസി, വിഷ്ണു, സി.പി.ഒമാരായ വി.എ. അഫ്സൽ, കെ.എ. സിറാജുദീൻ, എൻ.എസ്. സുധീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഇതുവരെ പിടികൂടിയത് 500കിലോ കഞ്ചാവ്
ജനുവരി മുതൽ റൂറൽ ജില്ലാ പൊലീസ് പിടികൂടിയത് 500 കിലോയോളം കഞ്ചാവാണ്. ഒരു കിലോയിലേറെ എം.ഡി.എം.എയും പിടികൂടി. ഈ വർഷം ഒക്ടോബർവരെ 3328 മയക്കുമരുന്ന് കേസുകൾ റൂറലിൽ രജിസ്റ്റർ ചെയ്തു. 3521 പേരെ അറസ്റ്റുചെയ്തു.