ജനസാഗരത്തിൽ വെട്ടുകാട്

Tuesday 18 November 2025 2:59 AM IST

തിരുവനന്തപുരം: വെട്ടുകാട് മാദ്റെ ദേ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുന്നാളിനെത്തുന്ന വിശ്വാസികളാൽ നിറഞ്ഞ് ദേവാലയം.തിരുന്നാൾ കൊടിയേറ്റ് നടന്ന 14 മുതൽ ജില്ലയിലും പുറത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള പതിനായിരക്കണക്കിന് ആളുകളാണ് രാവിലെ മുതൽ രാത്രി വൈകിയും പള്ളിയിലേക്കെത്തുന്നത്. രാവിലെ 6,11, വൈകിട്ട് 5.30, രാത്രി 8 എന്നി സമയങ്ങളിൽ നടക്കുന്ന ദിവ്യബലിയിൽ നാനാജാതി മതസ്ഥരായ നിരവധിയാളുകൾ പ്രാർത്ഥനയോടെ പങ്കുചേരുന്നു.പള്ളിയുടെ മുമ്പിലെ ക്രിസ്തുരാജ സ്വരൂപത്തിന് മുമ്പിൽ പ്രാർത്ഥിക്കാനെത്തുന്നവരെ നീണ്ട ക്യൂവിലായാണ് വോളന്റിയർമാരും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് കടത്തിവിടുന്നത്. തിരുന്നാളിനോട് അനുബന്ധിച്ച് നിലവിലുള്ള ബസ് സർവീസുകൾക്ക് പുറമേ ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് 15ഓളം കെ.എസ്.ആർ.ടി.സി ബസുകൾ സ്‌പെഷ്യൽ സർവീസ് നടത്തുന്നുണ്ട്. പ്രധാന തിരുന്നാൾ ദിനങ്ങളിൽ 20 ബസുകൾ സർവീസിനായി ക്രമീകരിക്കും.ഇന്നലെ ഫാ.ജസ്റ്റിൻ ജൂഡിൻ, ഫാ.ജോയി, ഫാ.തിയോഡോഷ്യസ് എന്നിവർ വചനപ്രഘോഷണം നടത്തി. ഇന്ന് നടക്കുന്ന വിവിധ സമയങ്ങളിലെ ദിവ്യബലിക്ക് ഫാ.നിഷാന്ത് നിമൽ, ഫാ.നിജോ അജിത്ത്, തിരുവനന്തപുരം അതിരൂപതയിലെ നവവൈദികർ, ഫാ.ഡോണി.ഡി.പോൾ എന്നിവരുടെ കാർമ്മികത്വത്തിൽ സമൂഹ ദിവ്യബലിയും ഫാ.ബിജിൻ ബെസിലി, ഫാ.ആഷ്ലിൻ ജോസ് എന്നിവർ വചന പ്രഘോഷണവും നടത്തും.21 വരെ രാവിലെ 10 മുതൽ 12.30 വരെയും വൈകിട്ട് 5 മുതൽ 7.30 വരെയും കുമ്പസാരത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്.