രാം ചരണിന്റെ പെദ്ധിയിൽ ശോഭന
രാം ചരൺ തേജ നായകനാകുന്ന ഗ്രാമീണ ആക്ഷൻ ഡ്രാമയായ പെദ്ധിയിൽ തെന്നിന്ത്യയുടെ പ്രിയ നായിക ശോഭനയും. പെദ്ധിയിൽ വഴിത്തിരിവാകുന്ന അതിശക്തമായ കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിക്കുന്നതെന്നാണ് സൂചന. രാം ചരണിന്റെ പിതാവായ ചിരഞ്‌ജീവിയുടെ നായികയായി രുദ്രവീണ, ദ്രവീണ, റൗഡി അല്ലുഡു തുടങ്ങിയ ചിത്രങ്ങളിൽ ശോഭന അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ മോഹൻലാലിനൊപ്പം അഭിനയിച്ച തുടരും എന്ന ചിത്രത്തിലൂടെയാണ് ശോഭന അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന പെദ്ധിയിൽ ജാൻവി കപൂർ ആണ് നായിക. ബ്രഹ്മാണ്ഡ ക്യാൻവാസിൽ ഒരുക്കുന്ന ചിത്രത്തിലൂടെ രാം ചരണിനെ ഇതുവരെ പ്രേക്ഷകർ കാണാത്ത മാസ് അവതാരമായി എത്തിക്കാൻ ആണ് ബുചി ബാബു സന ഒരുങ്ങുന്നത്. ഒന്നിലധികം വ്യത്യസ്ത ലുക്കുകളിൽ രാം ചരൺ അവതരിപ്പിക്കുന്ന കഥാപാത്രം എത്തുന്നുണ്ട്. രാം ചരണും കന്നട സൂപ്പർ താരം ശിവരാജ് കുമാറും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് താരങ്ങൾ. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മാണം. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ് എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: രത്നവേലു, എഡിറ്റർ: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല, രാം ചരണിന്റെ ജന്മദിനമായ മാർച്ച് 27ന് റിലീസ് ചെയ്യും. പി.ആർ.ഒ: ശബരി.