ഇഫിയിൽ സുവർണമയൂരം തേടി 15 ചിത്രങ്ങൾ
പനാജി: ഇരുപതിന് ഗോവയിൽ ആരംഭിക്കുന്ന അമ്പത്തിയാറാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ (ഇഫി) അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പതിനഞ്ച് ചിത്രങ്ങൾ മാറ്റുരയ്ക്കും. കെ.വി.താമർ സംവിധാനം ചെയ്ത മലയാളചിത്രം സർക്കീട്ടും രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്ത അമരൻ എന്ന തമിഴ് ചിത്രവും,സന്തോഷ് ദാവാഖർ സംവിധാനം ചെയ്ത മറാത്തി ചിത്രം ഗോന്ധാലും മത്സര വിഭാഗത്തിൽഇന്ത്യയെ പ്രതിനിധീകരിക്കും. ഫ്രാൻസ്, ജർമനി,ഇറാഖ്, സ്ളോവേനിയ, ഇറ്റലി, ജപ്പാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പന്ത്രണ്ട് ചിത്രങ്ങളും ഇതോടൊപ്പമുണ്ടാകും. വീരമൃത്യു വരിച്ച തമിഴ്നാട് സ്വദേശി മേജർ മുകുന്ദ് വരദരാജന്റെ കഥയാണ് അമരന്റെ ഇതിവൃത്തം.ഈ കഥയ്ക്ക് ഒരു മലയാളി കണക്ഷനുണ്ട്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് മലയാളിയാണ്. മുകുന്ദിനെ ശിവകാർത്തികേയനും ഇന്ദുവിനെ സായ് പല്ലവിയുമാണ് അവതരിപ്പിച്ചത്.ആസിഫലിയും ദിവ്യപ്രഭയും ബാലതാരം ഓർഹാൻ ഹൈദറുമാണ് മലയാളചിത്രമായ സർക്കീട്ടിൽ അഭിനയിച്ചത്. രാകേഷ് ഓംപ്രകാശ് മെഹ്റയാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിനുള്ളഅഞ്ചംഗ ജൂറിയെ നയിക്കുക.ഉദ്ഘാടനച്ചടങ്ങിനെ കമനീയമാക്കാൻ 26 ഫ്ളോട്ടുകൾ അണിനിരക്കുന്ന ഘോഷയാത്ര ഈ വർഷത്തെ സവിശേഷതയാകും.28നു എ യൂസ്ഫുൾ ഗോസ്റ്റ് എന്ന തായ് ചിത്രത്തിന്റെ പ്രദർശനത്തോടെ മേളയ്ക്ക് സമാപനമാകും.