ശരണംവിളിയുടെ മണ്ഡലകാലം
ശബരിമല ശാസ്‌താവ് സായൂജ്യ ദർശനമരുളുന്ന പുണ്യദിനങ്ങൾക്ക് തുടക്കമായി. 'എന്നെ പ്രാർത്ഥിക്കുന്ന നീ ഞാൻ തന്നെയാണ്" എന്ന വേദതത്വം ഉദ്‌ഘോഷിക്കുന്ന സന്നിധാനം വരുംദിനങ്ങളിൽ ശരണംവിളികളാൽ മുഖരിതമാകും. ശബരിമലയ്ക്കു മുകളിൽ ഉരുണ്ടുകൂടിയ കാർമേഘങ്ങൾ ഒന്നൊന്നായി ഒഴിഞ്ഞുപോകാൻ തുടങ്ങുന്ന വേളയിലാണ് ഇത്തവണത്തെ മണ്ഡല- മകരവിളക്ക് തീർത്ഥാടനമെന്നത് ഈ മണ്ഡലകാലത്തിന്റെ മഹിമ കൂടുതൽ തിളക്കമുള്ളതാക്കുന്നു. ഇരുമുടിക്കെട്ടുമേന്തി മലചവിട്ടി വരുന്ന ലക്ഷക്കണക്കിന് അയ്യപ്പന്മാർക്ക് അയ്യപ്പദർശം എന്ന ഒരേയൊരു ലക്ഷ്യമേയുള്ളൂ. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഭക്തജനങ്ങൾ ശബരിമലയിലേക്ക് ഒഴുകുന്ന രാവുകളിലൂടെയും പകലുകളിലൂടെയുമാവും സംസ്ഥാനം ഒന്നൊന്നര മാസം കടന്നുപോവുക.
അന്യസംസ്ഥാനങ്ങളിൽ നിന്ന് ഇത്രയധികം ആളുകൾ കേരളത്തിലേക്കു വരുന്ന മറ്റൊരു സന്ദർഭമില്ല. അവർക്ക് ശബരിമലയിൽ മാത്രമല്ല; അവർ കടന്നുവരുന്ന വഴികളിലും ദർശനം നടത്തുന്ന മറ്റു ക്ഷേത്രങ്ങളിലുമൊക്കെ അവശ്യം വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കേണ്ടത് ദേവസ്വം ബോർഡിലുപരി സർക്കാരിന്റെ കടമയാണ്. അവരോട് മാന്യമായും ആദരവോടെയും പെരുമാറേണ്ടത് നമ്മുടെ നാട്ടുകാരുടെ ചുമതലയും. തീർത്ഥാടകരുടെ വരവിൽ കേരളത്തിലേക്ക് ഒഴുകിയെത്തുന്ന സമ്പത്ത് ചെറുതല്ല. ഒരു മണ്ഡലകാലത്തെ വരുമാനത്തിലൂടെ ഒരുവർഷം കടന്നുപോകാൻ കഴിയുന്ന ധനം സമ്പാദിക്കുന്ന കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും കച്ചവടക്കാരുടെയും ടൂറിസ്റ്റ് ടാക്സിക്കാരുടെയുമൊക്കെ എണ്ണം കൃത്യമായി ആരും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, അത് ഒട്ടും കുറവാകാൻ സാദ്ധ്യതയില്ല. ഈയൊരു ബോധത്തോടെ വേണം പൊലീസുകാരും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരും അവരുമായി ഇടപെടേണ്ടിവരുന്ന മറ്റ് സർക്കാർ- ദേവസ്വം ഉദ്യോഗസ്ഥന്മാരും പെരുമാറേണ്ടത്.
ശബരിമലയിലെത്തുന്ന ഭക്തരോട് ഉദ്യോഗസ്ഥരും പൊലീസുകാരും മര്യാദയോടെ പെരുമാറുന്നു എന്നാണ് സർക്കാർ ആദ്യം ഉറപ്പാക്കേണ്ടത്. സുഖസൗകര്യങ്ങൾ ത്യജിക്കാനുള്ള ഒരു മാനസിക നിലയിലാണ് ഭക്തജനങ്ങൾ ശബരിമലയിലെത്തുന്നത്. അതിനാൽ സൗകര്യങ്ങളിലെ പരിമിതി പോലും അവർ ക്ഷമിക്കും. എന്നാൽ അവരെ നിയന്ത്രിക്കുന്നതിന്റെ പേരിലായാലും അട്ടഹാസവും ആക്രോശവും ദേഹോപദ്രവവും ഒന്നും ആർക്കും ക്ഷമിക്കാനാവുന്നതല്ല. ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും മറ്റും ഡ്യൂട്ടി സമയം ക്രമീകരിക്കുന്നതിൽ മേലുദ്യോഗസ്ഥർ ശ്രദ്ധപതിപ്പിക്കണം. പകരം ആളില്ല എന്നതിന്റെ പേരിൽ ഒരാൾ പോലും 24 മണിക്കൂറും ജോലിചെയ്യാൻ ഇടയാകരുത്. മണ്ഡലകാലം പുരോഗമിക്കുന്തോറും ഭക്തരുടെ എണ്ണം കൂടി വരുമെന്നതിനാൽ അവരെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങൾ വിപുലപ്പെടുത്തേണ്ടതുമുണ്ട്. ദർശനത്തിന് മണിക്കൂറുകൾ നീളുന്ന ക്യൂ ഒഴിവാക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യാനുള്ള നടപടികളും ഉണ്ടാകണം.
ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന സംഭവങ്ങൾ ഈ മണ്ഡലകാലത്ത് ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ശബരിമലയുടെ പേരിൽ രാഷ്ട്രീയമായും സാമുദായികമായുമുള്ള മുതലെടുപ്പുകൾ നടത്താതിരിക്കാനുള്ള സമീപനം എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. കാനനപാതയിലൂടെ ഓരോ ദിവസവും കടത്തിവിടാവുന്ന തീർത്ഥാടകരുടെ എണ്ണം കണക്കാക്കി സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അതുപോലെ തന്നെ അടിയന്തര സാഹചര്യങ്ങളുണ്ടാകുന്ന പക്ഷം സ്വീകരിക്കേണ്ട മുൻകരുതലുകളിൽ ഒരു കുറവും വരാൻ പാടില്ല. വിവാദങ്ങളൊന്നും ശാസ്‌താവിനെ ബാധിക്കില്ല; യഥാർത്ഥ ഭക്തനെയും. അതൊക്കെ ബാഹ്യമായി അതിന്റെ വഴിക്ക് നടന്നുകൊണ്ടിരിക്കും. അതിന്റെ പേരിൽ, ശബരിമലയിലേക്കു വരുന്ന ഭക്തരുടെ എണ്ണം ഒന്നുപോലും കുറയാൻ പോകുന്നില്ല. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഭക്തജനങ്ങളാവും ഇത്തവണയും ശബരിമലയിൽ എത്തുക. അവർക്കെല്ലാം തങ്കസൂര്യപ്രഭയിൽ വിളങ്ങുന്ന അയ്യപ്പന്റെ ദർശനം സുസാദ്ധ്യമാകട്ടെ എന്ന് പ്രാർത്ഥിക്കാം.