'എയർപോർട്ടിൽ വീൽചെയർ ഉപയോഗിക്കുന്നവരിൽ നിന്ന് 5000 രൂപ അധികം വാങ്ങണം'; പിന്നാലെ വിമർശനം

Monday 17 November 2025 8:38 PM IST

ന്യൂഡൽഹി: എയർപോർട്ടിൽ വീൽചെയർ സേവനം ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയാൻ അധിക ഫീസ് ഈടാക്കണമെന്ന് ബയോകോൺ സ്ഥാപക കിരൺ മജുംദാർ ഷാ പറഞ്ഞു. എയർപോർട്ടിൽ വീൽചെയർ സേവനങ്ങൾ ആരോഗ്യമുള്ളവർ ദുരുപയോഗം ചെയ്യുന്നെന്ന് ആരോപിച്ചുള്ള വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു പ്രതികരണം. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്‌റ്റിലൂടെയായിരുന്നു മജുംദാർ ഇക്കാര്യം പറഞ്ഞത്.

എയർപോർട്ടിൽ വീൽചെയർ ഉപയോഗിക്കുന്ന യാത്രക്കാ‌ർ നീണ്ട നിരയിൽ കാത്തുകിടക്കുന്നതിന്റെ ദൃശ്യങ്ങൾ ഒരാൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. യുഎസ്-ഇന്ത്യ റൂട്ടുകളിൽ യാത്രചെയ്യുന്നവരിൽ 80% പേരും വീൽചെയർ ഉപയോഗിക്കുന്നുണ്ടെന്നും അവരിൽ പലരും ബോർഡിംഗിൽ മുൻഗണന ലഭിക്കുന്നതിനും മറ്റുസൗകര്യങ്ങൾക്കും വേണ്ടിയാണ് വീൽചെയർ സേവനം ആവശ്യപ്പെടുന്നതെന്നും പോസ്റ്റിൽ ആരോപിച്ചിരുന്നു.

ഓരോ എയർപോർട്ടിലും വീൽചെയർ സേവനം ആവശ്യപ്പെടുന്നവരിൽ നിന്നും 5000 രൂപ അധികമായി ഈടാക്കിയാൽ യഥാർത്ഥത്തിൽ ആരോഗ്യപ്രശ്നമുള്ളവരെ തിരിച്ചറിയാനാകുമെന്നാണ് മജുമ്ദാർ ഷാ പറഞ്ഞത്. എന്നാൽ ഈ അഭിപ്രായം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമായി. പലരും അതിനോട് എതിർപ്പ് പ്രകടിപ്പിച്ചു. യഥാർത്ഥത്തിൽ വൈകല്യമുള്ളവരെയും പ്രായാധിക്യമുള്ളവരെയും അത്തരത്തിലുള്ള നീക്കങ്ങൾ ബാധിക്കുമെന്ന് പലരും ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഭാഷയും മാർഗനിർദേശങ്ങളും അറിയാത്ത മുതിർന്നവർ സഹായം ആവശ്യപ്പെടുന്നതിൽ തെറ്റില്ലെന്ന് ഒരാൾ കുറിച്ചു. സാധാരണയായി അമേരിക്കയിലും ഇന്ത്യയിലും ഉള്ള മക്കൾ തന്നെയാണ് മാതാപിതാക്കൾക്കായി വീൽചെയർ സേവനം ബുക്ക് ചെയ്യുന്നതെന്നും പലരും ആരോഗ്യവാന്മാരാണെങ്കിലും യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒറ്റയ്‌ക്ക് ചെയ്യാൻ അവർക്ക് ബുദ്ധിമുട്ടായതിനാലാണ് ഈ സേവനം തിരഞ്ഞെടുക്കുന്നതെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.

എയർലൈൻ കമ്പനികൾ സാധാരണയായി യാത്രകൾക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ വീൽചെയർ സേവനവും മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഉപദേശിക്കാറുണ്ട്. പ്രായമായവർക്കും മറ്റും സഹായത്തിനായി ജീവനക്കാരുടെ സേവനങ്ങളും എയർലൈൻ കമ്പനികൾ നൽകാറുണ്ട്. അത്തരം കാര്യങ്ങൾ യാത്രകളുടെ ഭാഗമായുള്ള പരിശോധനകളെക്കുറിച്ച് അറിയാത്തവർക്ക് വലിയ സഹായമാണ്.