'ഭക്ഷണം നല്‍കുന്നത് അപരിചിതര്‍, മരിക്കാനും തയ്യാറാണ്', മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ വെളിപ്പെടുത്തല്‍

Monday 17 November 2025 8:42 PM IST

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവും ക്രിക്കറ്റ് പരിശീലകനുമായ യോഗ്‌‌രാജ് സിംഗ് പലപ്പോഴും കളിയുടെയും വ്യക്തിപരമായ കാര്യങ്ങളിലൂടെയും വാ‌ർത്തകളിൽ ഇടം നേടാറുണ്ട്. യുവരാജിന്റെ ക്രിക്കറ്റ് കരിയർ തകർത്തത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയാണെന്ന് യോഗ്‌രാജ് പലതവണ കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ താൻ മരിക്കാനും തയ്യാറായിട്ടാണ് നിൽക്കുന്നതെന്നാണ് യോഗ്‌രാജ് ഒരു അഭിമുഖത്തിലൂടെ പറയുന്നത്.

യോഗ്‌രാജ് കുറച്ചുനാളുകളായി ഒറ്റയ്ക്കാണ് താമസിക്കുന്നത്. 'ഭക്ഷണത്തിനായി അപരിചിതരെയാണ് താൻ ആശ്രയിക്കുന്നത്. തന്റെ അമ്മയേയും കുട്ടികളെയും മരുമകളെയും പേരക്കുട്ടികളെയും കുടുംബത്തിലെ എല്ലാവരെയും താൻ സ്നേഹിക്കുന്നു. എന്നാൽ അവരോട് താൻ ഒന്നും ആവശ്യപ്പെടാറില്ല. തന്റെ ജീവിതം പൂർത്തിയായി അതുകൊണ്ട് താൻ മരിക്കാനും തയ്യാറാണ്' - യോഗ്‌രാജ് സിംഗ് പറഞ്ഞു. ഭാര്യയും യുവരാജും തന്നെ ഉപേക്ഷിച്ചു പോകാൻ തീരുമാനിച്ചപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമാണ് തനിക്ക് സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ യൗവനം മുഴുവൻ സമർപ്പിച്ച സ്ത്രീക്ക് എങ്ങനെയാണ് എന്നെ ഉപേക്ഷിച്ച് പോകാൻ തോന്നിയത്. ചില തെറ്റുകൾ താൻ ചെയ്തിട്ടുണ്ടാകാം. എന്നാൽ താൻ ഒരു നിരപരാധിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യോഗ് രാജിന്റെ ആദ്യവിവാഹത്തിലെ മകനാണ് യുവരാജ് സിംഗ്. 1980കളുടെ തുടക്കത്തിൽ യോഗ്‌‌രാജ് ഇന്ത്യയ്ക്കായി ഒരു ടെസ്റ്റും ആറ് ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. പരിക്കുകൾ കാരണം നേരത്തെ വിരമിച്ച അദ്ദേഹം പിന്നീട് ക്രിക്കറ്റ് പരിശീലകനും സിനിമാ താരവുമായി മാറുകയായിരുന്നു.