ജിംനേഷ്യത്തിന്റെ മറവിൽ രാസലഹരി വില്പന: എം.ഡി.എം.എ എത്തിച്ച 2പേർ ബംഗളൂരുവിൽ നിന്ന് പിടിയിൽ

Tuesday 18 November 2025 12:58 AM IST

ചാരുംമൂട് : നൂറനാട് പടനിലത്ത് ജിംനേഷ്യത്തിന്റെ മറവിൽ രാസലഹരി വില്പന നടത്തിയവർക്ക് എം.ഡി.എം.എ എത്തിച്ചിരുന്ന രണ്ടു മലയാളി യുവാക്കളെ ബംഗളൂരുവിൽ നിന്നും നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് നെല്ലിക്കുന്ന് നാക്കര ( തൈവളപ്പിൽ) വീട്ടിൽ മുഹമ്മദ് ജാബിദ് (31), കോഴിക്കോട് നീലേശ്വരം ഓമശ്ശേരി, മാങ്ങാപ്പൊയിൽ വീട്ടിൽ മുഹമ്മദ് സഹൽ (22)എന്നിവരെയാണ് കഴിഞ്ഞ ദിവസം നൂറനാട് സി.ഐ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി -2 ൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

പടനിലത്ത് ജിംനേഷ്യം നടത്തിപ്പുകാരനായ യുവാവിന്റെ വീട്ടിൽ നിന്നും 47.37 ഗ്രാം എം.ഡി.എം.എ പിടികൂടുകയും ജിംനേഷ്യം നടത്തിപ്പുകാരനായ നൂറനാട് പാലമേൽ കൈലാസം വീട്ടിൽ അഖിൽ നാഥ് (31) , ട്രെയിനറും കൂട്ടാളിയുമായ നൂറനാട് പാറ്റൂർ വെട്ടത്തയ്യത്ത് വീട്ടിൽ വിൻരാജ് (28) എന്നിവരെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇവരെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ അന്വേഷണത്തിലാണ് ബംഗളൂരുവിലെ മത്തിക്കരെ എന്ന സ്ഥലത്തു നിന്നും മുഹമ്മദ് ജാബിദിനെയും, മുഹമ്മദ്

സഹലിനെയും പിടികൂടിയത്. എ.എസ്.ഐ സിനു വർഗീസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശരത്ത്.എ, കലേഷ്.കെ , ആലപ്പുഴ ഡാൻസാഫ് സംഘാംഗം ഗിരീഷ് ലാൽ വി.വി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തുണിക്കച്ചവടത്തിന്റെ മറവിൽ ലഹരിവാണിഭം

മുഹമ്മദ് ജാബിദ് 10 വർഷമായി ബംഗളൂരുവിൽ തുണിക്കട നടത്തിവരികയായിരുന്നു. കഴിഞ്ഞ മൂന്നുവർഷമായി കോളേജ് വിദ്യാർത്ഥികൾക്കടക്കം ഇയാൾ രാസലഹരി വില്പന നടത്തുന്നുണ്ടെന്നും ബംഗളൂരുവിൽ എം.ഡി.എം.എ നിർമ്മാണം നടത്തുന്ന ആഫ്രിക്കൻ സ്വദേശികളിൽ നിന്നുമാണ് ഇയാൾ ഹോൾസെയിലായി ലഹരി വാങ്ങുന്നതെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ ഇടനിലക്കാരനായിരുന്നു മുഹമ്മദ് സഹൽ. സംഘത്തെക്കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു.